ബിനാലെയില്‍ ചലിക്കുന്ന ശില്പങ്ങളായി വിഡിയോ പ്രതിഷ്ഠാപനങ്ങള്‍

226

കൊച്ചി: വിഡിയോ പ്രതിഷ്ഠാപനങ്ങളില്‍ വൈവിധ്യങ്ങള്‍ സൃഷ്ടിച്ച് കൊച്ചി-മുസിരിസ് ബിനാലെയുടെ മൂന്നാംപതിപ്പ്. 97 കലാകാരന്മാര്‍ പങ്കെടുക്കുന്ന ബിനാലെയില്‍ 39 വിഡിയോ പ്രതിഷ്ഠാപനങ്ങളാണ് മുഖ്യവേദിയായ ആസ്പിന്‍വാള്‍ ഹൗസിലും മറ്റു വേദികളിലുമായി ഒരുക്കിയിരിക്കുന്നത്. ബഹുമാധ്യമ പ്രതിഷ്ഠാപനങ്ങളുടെ പിതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗാരി ഹില്ലിന്റെ മുതല്‍ പുതുതലമുറ കലാകാരിയായ റേച്ചല്‍ മക്‌ലീന്റെ വരെ പ്രതിഷ്ഠാപനങ്ങള്‍. മിനിട്ടുകള്‍ മാത്രം നീളുന്നവ മുതല്‍ നാലു മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ളവ.

കൊച്ചി മുസിരിസ് ബിനാലെ 2016ല്‍ വിഡിയോ പ്രതിഷ്ഠാപനങ്ങളെ പിന്തുടര്‍ന്നു പോകുമ്പോള്‍ വൈചിത്ര്യങ്ങളുടെയും സമകാലീന കലാവൈവിധ്യങ്ങളുടെയും അദ്ഭുത ലോകമാണു തുറന്നിടുന്നത്. ഇതില്‍ വിഡിയോ മാത്രമുള്ളവയും മറ്റു മാധ്യമങ്ങള്‍ക്കൊപ്പം വിഡിയോ ഉള്‍ക്കൊള്ളിച്ചിരിക്കുന്നവയുമുണ്ട്. അന്‍പതുകളിലാണ് വിഡിയോ ഇന്‍സ്റ്റലേഷനുകള്‍ കലാമാധ്യമമെന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ടു തുടങ്ങിയത്. 1974ല്‍ ‘വോള്‍ ഇന്‍ ദ് ഹോള്‍’ എന്ന വിഡിയോ പ്രതിഷ്ഠാപനത്തിലൂടെ ഗാരി ഹില്‍ ആസ്വാദകരെ അഭിമുഖീകരിക്കുമ്പോള്‍ ബഹുമാധ്യമ പരീക്ഷണങ്ങള്‍ ഏറെ നടന്നിരുന്നില്ല. ദര്‍ബാര്‍ ഹാള്‍ വേദിയില്‍ ഹില്ലിന്റെ മൂന്ന് പ്രതിഷ്ഠാപനങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഡ്രീം സ്റ്റോപ്പ് സ്റ്റോ, ക്ലെയ്ന്‍ ബോട്ട്ല്‍, സൈന്‍ വേവ് എന്നിവ.

‘ഡ്രീം സ്റ്റോപ്പ്’ കാണികളെ വിഭ്രമത്തിന്റെയും അമ്പരപ്പിന്റെയും ലോകത്തേക്കു നയിക്കുന്ന ബഹുമാധ്യമ ശില്‍പം തന്നെയാണ്. 32 വിഡിയോ പ്രൊജക്ഷനുകളാണ് ഇതില്‍ സന്നിവേശിപ്പിച്ചിട്ടുള്ളത്. അത്രതന്നെ ഒളിക്യാമറകളും. പ്രതിഷ്ഠാപനം ഇടത്തെയും കാണികളെയും കണ്ണാടിയിലെന്ന പോലെ ഒളിക്യാമറകള്‍ പ്രൊജക്ടറുകളിലൂടെ പ്രദര്‍ശിപ്പിക്കുമ്പോള്‍ തങ്ങളുടെ 32 രൂപങ്ങള്‍ കണ്ട് കാഴ്ചക്കാര്‍ അമ്പരന്നുപോകുന്നു. മറ്റു കലാസാമഗ്രികളെ വിഡിയോയുമായി സന്നിവേശിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ആഹ്ലാദത്തില്‍നിന്നാണ് തന്റെ കല പിറവിയെടുക്കുന്നതെന്ന് ഗാരി ഹില്‍ പറയുന്നു.

കബീര്‍ മൊഹന്തി നാലു മണിക്കൂര്‍ നീളുന്ന ‘സോങ് ഫോര്‍ ആന്‍ ഏന്‍ഷ്യന്റ് ലാന്‍ഡ്’ എന്ന പ്രതിഷ്ഠാപനം നാലു ഭാഗങ്ങളായാണ് ആസ്പിന്‍വാള്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇംഗ്ലണ്ടില്‍ ജീവിക്കുന്ന മിഖായേല്‍ കാരികിസിന്റെ ‘എയ്ന്റ് ഗോട്ട് നോ ഫിയര്‍’ എന്ന വിഡിയോ ഇന്‍സ്റ്റലേഷന്‍പ്രതിഷ്ഠാപനം കുട്ടികള്‍ക്കൊപ്പം ഒരു വര്‍ഷം ചെലവഴിച്ചു ചിത്രീകരിച്ചതാണ്. വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഒരു വൈദ്യുത പദ്ധതി നശിപ്പിക്കുന്ന ശബ്ദത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ റാപ്പ് ഗാനങ്ങളുണ്ടാക്കുന്നു. ഒരുമിച്ചു ജീവിക്കുകയും സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രണയികളെപ്പോലെയാണ് തനിക്കു ശബ്ദവും ദൃശ്യവുമെന്ന് കാരികസ് പറയുന്നു.

ഡല്‍ഹി സ്വദേശിയായ പരിസ്ഥിതി പ്രവര്‍ത്തകനും ചിത്രകാരനുമായ രവി അഗര്‍വാളിന്റെ ‘സംഘം ഡയലോഗും’ സുപ്രധാന വിഡിയോ പ്രതിഷ്ഠാപനമാണ്. പരിസ്ഥിതിക്കു വിനാശം വരുത്തുന്നതിന്റെ അപകടങ്ങള്‍ ഓര്‍മിപ്പിക്കുകയാണ് അദ്ദേഹം. വൂ ടിയെന്‍ ചാങ്ങിന്റെ വിഡിയോ പ്രതിഷ്ഠാപനം കൊച്ചുകുട്ടികളെപ്പോലും ആഹ്ലാദിപ്പിക്കുന്ന രീതിയില്‍ തായ്‌വനീസ് നാടോടി ഈണങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ചിരിക്കുന്നു. വോള്‍ഡെര്‍മാര്‍ യൊഹാന്‍സണിന്റെ പ്രതിഷ്ഠാപനം തേഴ്സ്റ്റ് അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന്റെ വിഡിയോ ആണ്. കാറ്ററീന സ്‌ലേഡ്യറിന്റെ ഷൗം, ദ് പെര്‍ഫെക്ട് സൗണ്ട് എന്നീ രണ്ടു സൃഷ്ടികളാണുള്ളത്. ഉച്ചാരണ പരിപൂര്‍ണതയ്ക്കു പ്രശസ്തമായ ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലെ ഉച്ചാരണ പ്രശ്‌ന പരിഹാര ക്ലാസിലെ ദൃശ്യങ്ങളാണ് പെര്‍ഫക്ട് സൗണ്ട് എന്ന വിഡിയോയില്‍.

വൈവിധ്യങ്ങളുടെ ഈ ബിനാലെയില്‍ വിഡിയോ പ്രതിഷ്ഠാപനങ്ങളുടേതായി വേറിട്ടൊരു സമാന്തര ലോകം തന്നെയുണ്ടെന്നും ബിനാലെയുടെ ബഹുമുഖത്വത്തിന് അവ ആഴം കൂട്ടുന്നുവെന്നും ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി പറഞ്ഞു. പെയ്ന്റിങ്ങുകളില്‍നിന്നും ശില്‍പ്പങ്ങളില്‍നിന്നുമുള്ള വ്യത്യസ്തത മാത്രമല്ല ചലനാത്മകത കൊണ്ടും അദൃശ്യസാന്നിധ്യമായും കാഴ്ചക്കാരിലെത്താന്‍ അവയ്ക്കു പ്രത്യേക ശേഷിയുണ്ടെന്നും ബിനാലെ കാണാനെത്തിയ പ്രശസ്ത ചലച്ചിത്ര സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ബുദ്ധിശാലിയായ കലാകാരന്‍ വിഡിയോ മാധ്യമമാക്കുമ്പോള്‍ കാഴ്ചക്കാര്‍ക്ക് കലയില്‍ കൂടുതല്‍ സുതാര്യത അനുഭവപ്പെടുമെന്നും ആശയക്കുഴപ്പത്തിന്റെ അസ്വസ്ഥതകള്‍ കുറവായിരിക്കുമെന്നും ബിനാലെ സന്ദര്‍ശിച്ച പ്രശസ്ത ചലച്ചിത്രകാരന്‍ ഷാജി എന്‍. കരുണ്‍ പറഞ്ഞു.

ലെയ്റ്റണ്‍ പിയേഴ്‌സ്-ത്രെഷോള്‍ഡ് ഓഫ് അഫിനിറ്റി, ഹാന്ന തൂലിക്കി- സോഴ്‌സ് മൗത്ത് ലിക്വിഡ് ബോഡി, ഹാവിയെര്‍ പെരസ്-എന്‍ പുന്റാസ്, എവാ ഷ്‌ലേഗല്‍-പാലസ് ഓഫ് മെമ്മറി, ഏവ മഗ്യറോഷി-ലെന, സുലേഖ ചൗധരി-റിഹേഴ്‌സിങ് ദ് വിറ്റ്‌നസ്: ദ് ഭവാല്‍ കോര്‍ട്ട് കേസ്, ലിസ റെയ്ഹാന-നേറ്റീവ് പോര്‍ട്രെയ്റ്റ്‌സ്, കാറ്ററിന നെയ്ബുഗ്ര, ആന്‍ഡ്രിസ് എഗ്‌ലിറ്റിസ്-വില്‍-ഒ-ദ്-വിസ്പ് എന്നിങ്ങനെ നീളുന്ന വിഡിയോ പ്രതിഷ്ഠാപനങ്ങള്‍ക്ക് ബിനാലെയില്‍ മികച്ച ആസ്വാദക ശ്രദ്ധയാണു ലഭിക്കുന്നത്‌

NO COMMENTS

LEAVE A REPLY