സിപിഎമ്മിന്റെ ക്ഷണം മാണി തള്ളാന്‍ സാധ്യതയില്ലെന്ന് വിലയിരുത്തല്‍

223

ഇടതു മുന്നണിയിലേയ്‌ക്കുള്ള സി.പി.ഐ.എമ്മിന്റെ ക്ഷണം കെ.എം മാണി തള്ളാന്‍ സാധ്യതയില്ലെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇക്കാര്യം ഞായാറാഴ്ച ചേരുന്ന കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. അതേ സമയം കെ.എം മാണിയെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് ഇടതു മുന്നണിയില്‍ ചര്‍ച്ചയോ തര്‍ക്കമോ ഇല്ലെന്ന് സി.പി.ഐ നിയമസഭാ കക്ഷി നേതാവും മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു
സി.പി.ഐ(എം) ക്ഷണം ഒറ്റയടിക്ക് കെ.എം മാണി തള്ളാന്‍ സാധ്യതയില്ലെന്നാണ് വിവരം. മാണിക്കെതിരായ കേസ് ഇപ്പോഴും നിലനില്‍ക്കുന്നതും ഈ നിലപാടിന് പിന്നിലെ പ്രേരകഘടകമാണ്. എന്നാല്‍ നിലപാട് തള്ളാത്തത്തതിനപ്പുറം ഒറ്റയടിക്ക് ചങ്ങാത്തമുണ്ടാക്കാനുള്ള അന്തരീക്ഷം ഉരുത്തിരിഞ്ഞുവെന്ന വിലയിരുത്തലില്‍ പാര്‍ട്ടി എത്തിയിട്ടില്ല. യു.ഡി.എഫ് വിട്ട് സമദൂര നിലപാട് എടുക്കാന്‍ മാത്രമാണ് ചരല്‍ക്കുന്നിലെ തീരുമാനം. മുന്നണി ബന്ധത്തിലേയ്‌ക്ക് കടക്കുമ്പോള്‍ പാര്‍ട്ടിയില്‍ വിശദമായ ചര്‍ച്ച വേണ്ടി വരും. അതേ സമയം ഇടതുബന്ധത്തെ എതിര്‍ക്കുന്ന സി.പി.ഐയ്‌ക്കെതിരെ കേരള കോണ്‍ഗ്രസ് കടുത്ത നിലപാട് എടുക്കാനാണ് സാധ്യത. മാണിപ്രശ്നത്തില്‍ സി.പി.ഐ, സി.പി.എം നിലപാടിനോട് ശക്തമായി വിയോജിക്കുകായാണ്.
എന്‍.ഡി.എയിലേയ്‌ക്ക് പോകാതിരിക്കാനാണ് അടവു സമീപനമെന്ന് സി.പി.ഐ(എം) വ്യക്തമാക്കുന്നു. എന്‍.ഡി.എയുമായി സഖ്യത്തിന് ഒരു കാരണവശാലും ഇല്ലെന്നാണ് കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. എന്തായാലും എല്ലാവര്‍ക്കും വേണ്ട പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്ന പ്രതീതിയുണ്ടായ സന്തോഷത്തിലാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍.

NO COMMENTS

LEAVE A REPLY