കേരളത്തിലെ ആദ്യ റെസ്‌കോ മോഡൽ സൗരോർജ്ജ പദ്ധതി: അനെർട്ടും റബ്‌കോയും ധാരണപത്രം ഒപ്പിടും

33

റസ്‌കോ മോഡൽ സൗരോർജ്ജ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുന്നോടിയായി അനെർട്ടും റബ്‌കോയും തമ്മിലുള്ള ധാരണാപത്രം വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി.എൻ.വാസവൻ എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥാപന മേധാവികൾ ഒപ്പുവയ്ക്കും ആഗസ്റ്റ് നാല് ഉച്ചക്ക് 2.30ന് നിയമസഭയിലെ വൈദ്യുതി മന്ത്രിയുടെ ഓഫീസിൽ അനെർട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നരേന്ദ്രനാഥ് വെളുരിയും റബ്‌കോ എം.ഡി പി.വി ഹരിദാസനുമാണ് കരാറിൽ ഒപ്പിടുന്നത്. റബ്‌കോ ചെയർമാൻ എൻ.ചന്ദ്രൻ, അനെർട്ട് ചീഫ് ടെക്‌നിക്കൽ മാനേജർ അനീഷ്.എസ്.പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

കേരളത്തിൽ സൗരോർജ്ജ മേഖലയിലെ ആദ്യ റെസ്‌കോ-റിന്യൂവബിൾ എനർജി സർവീസ് കമ്പനി (അക്ഷയോർജ്ജന സേവന ദാതാവ്) പദ്ധതിക്കാണ് അനെർട്ട് തുടക്കം കുറിക്കുന്നത്. സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിൽ സൗരോർജ്ജവത്കരിക്കുന്നതിന്റെ ഭാഗമായി അനെർട്ടിന്റെ പദ്ധതിയിലുൾപ്പെടുത്തി സൗരവൈദ്യുത നിലയം സർക്കാർ സ്ഥാപനങ്ങളിൽ സ്ഥാപിക്കുകയും തുടർന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് നിശ്ചിത നിരക്കിൽ അതത് സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതി. ഇത്തരത്തിൽ അനെർട്ട് റെസ്‌കോ ആയിട്ടുള്ള ആദ്യ പദ്ധതിയാണ് കണ്ണൂർ ആസ്ഥാനമായിട്ടുള്ള കേരള സംസ്ഥാന റബ്ബർ കോലിമിറ്റഡിൽ(റബ്‌കോ) നടപ്പാക്കുന്നത്.

തലശ്ശേരിയിലുള്ള റബ്‌കോയുടെ ഫാക്ടറിയിൽ 350 കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ പ്ലാന്റ് ആണ് ആദ്യ ഘട്ടത്തിൽ സ്ഥാപിക്കുന്നത്. ഇങ്ങനെ നിർമിക്കുന്ന പ്ലാന്റിൽ നിന്നും പ്രതിവർഷം അഞ്ച് ലക്ഷത്തിൽ അധികം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. ഫാക്ടറിയുടെ പ്രവർത്തനത്തിന് വേണ്ട മുഴുവൻ വൈദ്യുതിയും സൗരോർജ്ജ പ്ലാന്റിൽ നിന്ന് ലഭിക്കും.

NO COMMENTS