കേരളം വീണ്ടും ഇന്ത്യയിലെ മികച്ച ഹണിമൂണ്‍ ലക്ഷ്യസ്ഥാനം

768

തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച ഹണിമൂണ്‍ ലക്ഷ്യസ്ഥാനമായി കേരളം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ട്രാവല്‍ പ്ലസ് ലീഷര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ്യ മാസികയുടെ വായനക്കാരാണ് ദൈവത്തിന്റെ സ്വന്തം നാടിന് ഈ ബഹുമതി നല്‍കിയത്. വ്യാഴാഴ്ച്ച ഡല്‍ഹിയില്‍ നടന്ന മാസികയുടെ വാര്‍ഷിക ‘ഇന്ത്യാസ് ബെസ്റ്റ് അവാര്‍ഡ്‌സ്’ ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. ഏറ്റവും അധികം വോട്ട് നേടിയ സംസ്ഥാനങ്ങളായ കേരളവും രാജസ്ഥാനും പുരസ്‌കാരം പങ്കിട്ടു. കേരളാ ടൂറിസം അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ശ്രീ. ഡി ബാലമുരളി പുരസ്‌കാരം ഏറ്റുവാങ്ങി. മാസ്മരിക അനുഭവങ്ങള്‍ക്കും ഗ്രാമീണ തനിമയ്ക്കും വൈവിധ്യമാര്‍ന്ന പ്രകൃതിക്കും പേരുകേട്ട കേരളം ഇന്ത്യയിലുടനീളവും ലോകത്താകെയും തന്നെയുമുള്ള മധുവിധു യാത്രികരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണെന്ന് ടൂറിസം മന്ത്രി ശ്രീ. എ. സി. മൊയ്തീന്‍ പറഞ്ഞു. യാത്രാ-ജീവിതശൈലി പ്രസിദ്ധീകരണങ്ങളില്‍ മുന്‍നിരയിലുള്ള ട്രാവല്‍ പ്ലസ് ലീഷര്‍ മാസികയുടെ ബഹുമതി അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ വിനോദസഞ്ചാര, യാത്രാസൗകര്യ, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന ചടങ്ങില്‍ ഇന്ത്യയിലെയും ലോകത്തിലെയും മികച്ച യാത്രാ അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഇന്ത്യക്കാര്‍ താല്‍പ്പര്യപ്പെടുന്ന മികച്ച സേവനദാതാക്കള്‍, താമസസ്ഥലങ്ങള്‍, ലക്ഷ്യസ്ഥാനങ്ങള്‍ എന്നിവ പ്രഖ്യാപിക്കുകയും ചെയ്തു. വിനോദസഞ്ചാര വ്യവസായത്തില്‍നിന്ന 50ഓളം വിഭാഗങ്ങളെ പരാമര്‍ശിക്കുന്ന പുരസ്‌കാരങ്ങളില്‍ കേരളം സ്ഥിരസാന്നിധ്യമാണ്. മാസികയുടെ വെബ്‌സൈറ്റില്‍ അഞ്ചു മാസം നീണ്ടുനിന്ന ഡിജിറ്റല്‍ വോട്ടെടുപ്പിന്റെ അവസാനമായിരുന്നു ഈ വര്‍ഷത്തെ പുരസ്‌കാര നിര്‍ണയം. ആയിരക്കണക്കിന് യാത്രികരുടെ പങ്കാളിത്തം വെബ്‌സൈറ്റ് പോള്‍ കണ്ടു.

ഇന്ത്യയിലെ നവദമ്പതികളുടെ പ്രിയ ലക്ഷ്യസ്ഥാനം എന്ന കേരളത്തിന്റെ ഖ്യാതി ഉറപ്പിക്കുന്നതാണ് പുരസ്‌കാരമെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി. പറഞ്ഞു. വിശാലമായ തീരവും മഞ്ഞുമൂടിയ പശ്ചിമഘട്ടവും വിഖ്യാതമായ കായലുകളും അടക്കം കേരളത്തിന് വശ്യസുന്ദരമായ നിരവധി പ്രദേശങ്ങള്‍ സഞ്ചാരിക്കു നല്‍കാനുണ്ട്. ശാന്തമായ ജീവിതവേഗവും കേരളത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നതായി ഡോ. വേണു പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള ലക്ഷ്യസ്ഥാനങ്ങളുടെ യഥാര്‍ഥ അവസ്ഥയ മനസിലാക്കിയും മത്സരത്തിന്റെ കര്‍ശനമായ നിര്‍ദേശങ്ങളും യോഗ്യതകളും എല്ലാം പരിഗണിച്ച് സന്ദര്‍ശകരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പായതുകൊണ്ട് ഈ പുരസ്‌കാരം കേരളത്തിന് ഏറെ പ്രാധാന്യമുള്ളതാണെന്ന് കേരളാ ടൂറിസം ഡയറക്ടര്‍ ശ്രീ. യു. വി. ജോസ് പറഞ്ഞു. ഇവിടെ നല്‍കുന്ന വൈവിധ്യമേറിയ അനുഭവങ്ങളും ഭാവിയെ മുന്‍നിര്‍ത്തിയുള്ള നയരൂപീകരണം മുതല്‍ ഉത്പ്പന്നതലം വരെയുള്ള ആസൂത്രണവും പ്രതിഫലിപ്പിക്കുന്നതാണ് ഈ ബഹുമതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിംഗപ്പൂര്‍ ((മികച്ച രാജ്യം), ഹോങ്‌കോങ് (മികച്ച നഗരം), സ്വിറ്റ്‌സര്‍ലാന്‍ഡ് (മികച്ച കുടുംബ ലക്ഷ്യസ്ഥാനം) തുടങ്ങിയവരാണ് മറ്റ് പ്രമുഖ ജേതാക്കള്‍. അന്താരാഷ്ട്രതലത്തില്‍ ഫ്രാന്‍സും ദക്ഷിണാഫ്രിക്കയും മികച്ച ഹണിമൂണ്‍ ലക്ഷ്യസ്ഥാനത്തിനുള്ള പുരസ്‌കാരം പങ്കിട്ടു.

NO COMMENTS

LEAVE A REPLY