കേരള സര്‍വകലാശാല അസിസ്റ്റന്‍റ് ഗ്രേഡ് നിയമന ക്രമക്കേട് അന്വേഷിക്കണമെന്ന് ഹൈക്കോടതി

184

കൊച്ചി: കേരള സര്‍വകലാശാല അസിസ്റ്റ് ഗ്രേഡ് നിയമന ക്രമക്കേട് കേസ് വീണ്ടും അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം കോടതി റദ്ദാക്കി.സി.പി.എം നേതാക്കളായ അന്നത്തെ അഞ്ച് സിന്‍ഡിക്കേറ്റ് അംഗങ്ങളും വൈസ് ചാന്‍സലറും പ്രോ വൈസ് ചാസലറുമടക്കം ഏഴ് പ്രതികളാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നത്. എന്നാല്‍ കുറ്റപത്രത്തില്‍ കൃത്യതയും വ്യക്തതയുമില്ലെന്ന് നിരീക്ഷിച്ച കോടതി അനധികൃത നിയമനം കൊണ്ട് ഗുണമുണ്ടായതും നേട്ടമുണ്ടാക്കിയതും ആരൊക്കെയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ലെന്നും ചൂണ്ടിക്കാട്ടി.
അനധികൃതമായി നിയമനം ലഭിച്ചവരെ ചോദ്യം ചെയ്യനോ മൊഴിയെടുക്കാനോ തയ്യാറായില്ല.
അവ്യക്തമായ ഈ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ കഴിയില്ല. ആഴത്തിലുള്ള പരിശോധനയാണ് ആവശ്യമെന്നും കോടതി വ്യക്തമാക്കി. കേസ് തുടര്‍ന്നും ക്രൈംബ്രാഞ്ചിന് തന്നെ അന്വേഷിക്കാം. നിലവിലെ ഉദ്യോഗസ്ഥനെയോ മറ്റാരെയെങ്കിലും അന്വേഷണം ഏല്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.
കേരള സര്‍വകലാശാല അസിസ്റ്റ് ഗ്രേഡ് നിയമന ക്രമക്കേട് മധ്യപ്രദേശിലെ വ്യാപം തട്ടിപ്പിന്‍റെ മോഡലാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രമക്കേടിനെ കുറിച്ച്‌ റിട്ട.ജസ്റ്റീസ് കെ.സുകുമാരന്‍റെ നേതൃത്വത്തില്‍ ഹൈക്കോടതി നിയോഗിച്ച സമിതി അന്വേഷിച്ച്‌ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. വൈസ് ചാന്‍സലറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിലാണ് തട്ടിപ്പിനു നേതൃത്വം നല്‍കിയതെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് ഇത് ആസൂത്രണം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി അനുഭാവികളെയും സ്വന്തക്കാരെയും തിരുകിക്കയറ്റാണാണ് നിയമന നടപടികളില്‍ ക്രമക്കേട് നടത്തിയതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.