വിഭവങ്ങളുടെ വൈവിധ്യത്തില്‍ മനം നിറഞ്ഞ് വിദേശ ഷെഫുകള്‍

225

കൊച്ചി: ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന സ്‌പൈസ് റൂട്ട് പാചക മത്സരത്തില്‍ പങ്കെടുക്കാനെത്തിയ വിദേശ ഷെഫുമാര്‍ക്ക് നവ്യാനുഭവമായത് കേരളത്തിലെ നാടന്‍ അടുക്കള. നാട്ടിലെ കുടംപുളിയും ഇരുമ്പന്‍ പുളിയും തേങ്ങാപ്പാലുമെല്ലാം യൂറോപ്യന്‍-അറബ് ഷെഫുമാര്‍ക്ക് വിസ്മയമായി മാറി. ഏതൊരു പ്രൊഫഷണല്‍ ഷെഫിനുമുള്ള ആഗ്രഹമാണ് സാധാരണക്കാരന്റെ അടുക്കളയിലെ പാചകം കാണുകയെന്നത്. പക്ഷേ സ്‌പൈസ്‌റൂട്ട് വിദേശ ഷെഫുകളെ അമ്പരപ്പിച്ചുകൊണ്ട് കൊച്ചി കണ്ണമാലിയിലെ നിമ്മി പോളിന്റെ അടുക്കളയില്‍ മലയാളികളുടെ ഇഷ്ട വിഭവങ്ങളായ മീനും കൊഞ്ചുതോരനും ബീഫുമൊക്കെ ഒരുങ്ങി. യുനെസ്‌കോ, കേരളടൂറിസം, കേന്ദ്ര ടൂറിസം മന്ത്രാലയം, എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പൈസ്‌റൂട്ട് പാചക മത്സരത്തിനായി 39 വിദേശ ഷെഫുമാരാണ് കൊച്ചിയിലെത്തിയത്. നാടന്‍വിഭവങ്ങളുടെ പാചകാനുഭവം കിട്ടാനായാണ് അവര്‍ക്ക് അടുക്കള കാണാനുള്ള അവസരമൊരുക്കിയത്. ഇരുപതു വര്‍ഷമായി കൊച്ചിയിലെ പ്രധാന പാചക അധ്യാപിക കൂടിയാണ് ഷെഫുമാര്‍ക്കുവേണ്ടി അടുക്കള ഒരുക്കിയ നിമ്മി പോള്‍. കേരളീയ വിഭവങ്ങള്‍ പാചകം ചെയ്യുമ്പോള്‍ മസാല ഉപയോഗിക്കുന്നതിലെ പൊടിക്കൈകളും നിമ്മി ഷെഫുമാരുമായി പങ്കു വച്ചു.പുസ്‌കത്തില്‍ കാണുന്നതിനേക്കാള്‍ മികച്ച അവസരമാണ് നാടന്‍ അടുക്കളയിലെ പാചകം കണ്ടതിലൂടെ തനിക്ക് ലഭിച്ചതെന്ന് പ്രശസ്ത ലെബനീസ് ഷെഫ് ജിഹാദ് എല്‍ഷാമി പറഞ്ഞു. ഒമ്പതുവര്‍ഷമായി മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ചീഫ് ഷെഫാണ ് ഷാമി. പക്ഷെ കേരളത്തിന്റെ തനതു പാചകരീതികള്‍ കാണാന്‍ കഴിഞ്ഞത് മികച്ച അനുഭവമായിരുന്നുവെന്നും പറഞ്ഞു.
ചരിത്രപരമായ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് പോര്‍ച്ചുഗീസ് ഷെഫ് ബെര്‍നാര്‍ഡ് അഗ്രേല പാചക മത്സരത്തിനെത്തിയത്. മസാലകളുടെ ഉപയോഗമാണ് കേരളത്തിലെ പാചകത്തെ മികച്ചതാക്കുന്നതെന്നാണ് ബെര്‍നാര്‍ഡിന്റെ അഭിപ്രായം. കാലാവസ്ഥയാണ് കേരളത്തിന്റെ പ്രത്യേകത. അതിനനുസരിച്ചുള്ള കറിപ്പൊടികള്‍ ഇവിടുത്തെ ഭക്ഷണത്തെ മികച്ചതാക്കുന്നുവെന്നും അദ്ദേഹം പറയുന്നു.നിമ്മി പോള്‍ ഉണ്ടാക്കിയ മിക്ക വിഭവങ്ങളും തങ്ങളുടെ നാട്ടിലും സാധാരണയാണെന്ന് മലേഷ്യന്‍ കുക്ക് റൗസ്‌ലി പറയുന്നു. വെളിച്ചെണ്ണയും, ഇലയില്‍ചുട്ട മീനും, കൊഞ്ച് കറിയുമെല്ലാം ഒന്നുതന്നെയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ കേരളത്തിന്റെ തനതുവിഭവമായ ബീഫ് ഫ്രൈയില്‍ റൗസ്‌ലി വീണു. മാംസം സ്റ്റൂ ആയി കഴിക്കുന്ന ശീലമാണ് മലേഷ്യക്കാര്‍ക്കുള്ളത്. എന്നാല്‍ ബീഫ് വരട്ടി തേങ്ങാക്കൊത്ത് ചേര്‍ത്ത വിഭവം തകര്‍പ്പനാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി
പാചകത്തോടൊപ്പം ചില ആയുര്‍വേദ പൊടിക്കൈകള്‍കൂടി നിമ്മി പോള്‍ ഷെഫുകള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. ജീരക വെള്ളം, ചുക്കുവെള്ളം തുടങ്ങിയവയായിരുന്നു നിമ്മി പറഞ്ഞു കൊടുത്ത നുറുങ്ങുകള്‍. പ്രൊഫഷണല്‍രംഗത്ത് പ്രവര്‍ത്തിക്കുന്നവരായതിനാല്‍ ഇത്തരം പൊടിക്കൈകള്‍ അവരെ ഏറെ സഹായിക്കുമെന്നും നിമ്മി പറഞ്ഞു. സെപ്റ്റംബര്‍ 25 ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്ക് രാജ്യാന്തര ഷെഫ് മത്സരം ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് മത്സരം കാണാനുള്ള അവസരമുണ്ടായിരിക്കും.

NO COMMENTS

LEAVE A REPLY