ലണ്ടന്‍ ടൂറിസം മേളയിലെ മികച്ച പവിലിയന്‍ പുരസ്‌കാരം കേരള ടൂറിസത്തിന്

260

തിരുവനന്തപുരം: ലണ്ടനില്‍ നടന്ന ത്രിദിന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം) ചുണ്ടന്‍വള്ള മാതൃകകള്‍ അണിനിരത്തി സന്ദര്‍ശകരെ വിസ്മയിപ്പിച്ച കേരളടൂറിസത്തിന് മികച്ച പവിലിയനുള്ള ‘ബെസ്റ്റ് സ്റ്റാന്‍ഡ് ഫീച്ചര്‍’ പുരസ്‌കാരം ലഭിച്ചു. നവംബര്‍ ഏഴിനു തുടങ്ങി ഒന്‍പതിന് അവസാനിച്ച ഇക്കൊല്ലത്തെ ഡബ്ല്യുടിഎം-ലെ പങ്കാളിയായിരുന്നു കേരള ടൂറിസം.

120 ചതുരശ്ര മീറ്ററില്‍ സജ്ജീകരിച്ച വിശാലമായ പവിലിയനില്‍ മൂന്നു ചുണ്ടന്‍വള്ളങ്ങളുടെ കമനീയമായ മാതൃകകള്‍ക്കു പുറമെ ചിത്രങ്ങളും വള്ളംകളിയുടെ വീഡിയോ ദൃശ്യങ്ങളും സമന്വയിപ്പിച്ചാണ് കേരളം ടൂറിസം ലണ്ടനില്‍ വിസ്മയക്കാഴ്ചയൊരുക്കിയത്. ചുണ്ടന്‍വള്ളങ്ങള്‍ നേരിട്ടുകാണുന്നതിനു കേരളത്തിലേക്ക് പോകാന്‍ തങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു എന്നാണ് പുരസ്‌കാരത്തിനായി കേരളത്തെ തെരഞ്ഞെടുത്ത വിധികര്‍ത്താക്കള്‍ പറഞ്ഞത്.

ലോകത്തിലെ സുപ്രധാന വിനോദസഞ്ചാര മേളകളിലൊന്നായ ഡബ്ല്യുടിഎം-ല്‍ കേരളത്തെ ഒന്നാംകിട ടൂറിസം സങ്കേതമായി അവതരിപ്പിക്കാന്‍ കഴിഞ്ഞതും അവാര്‍ഡ് നേടിയെടുക്കാനായതും അഭിമാനകരമാണെന്ന് ടൂറിസം മന്ത്രി ശ്രീ. എ.സി മൊയ്തീന്‍ വ്യക്തമാക്കി. വിദേശസഞ്ചാരികള്‍ക്ക് കേരളത്തിന്റെ ആകര്‍ഷണീയത ബോധ്യപ്പെടുത്താനാണ് ഇതുപോലുള്ള വേദികളിലൂടെ കേരള ടൂറിസം ശ്രമിക്കുന്നത്. ടൂറിസം കേരളത്തിന്റെ സുപ്രധാന മേഖലകളിലൊന്നായിമാറിക്കഴിഞ്ഞു. ഇത്തരം മേളകളില്‍ പങ്കെടുത്ത് വിദേശസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിച്ച് കേരള ടൂറിസത്തിന് കൂടുതല്‍ സാധ്യതകള്‍ തേടുമെന്ന് അദ്ദേഹം അറിയിച്ചു.

ലോക ടൂറിസം വ്യവസായത്തിലെ പ്രമുഖരുടെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമായ വേള്‍ഡ് ടൂറിസം മാര്‍ക്കറ്റിന്റെ ഔദ്യോഗിക പങ്കാളിയായതിലൂടെ ബ്രാന്‍ഡ് ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിലും കേരള ടൂറിസത്തിന് കഴിഞ്ഞതായാണു വിലയിരുത്തല്‍. 182 രാജ്യങ്ങളില്‍നിന്നു ലോകത്തിന്റെ വിവിധ മേഖലകളില്‍നിന്നുമായി 5000 പ്രദര്‍ശകരാണ് മേളയില്‍ പങ്കെടുത്തത്. കേന്ദ്ര ടൂറിസം സഹമന്ത്രി ഡോ. മഹേഷ് ശര്‍മ, കേന്ദ്ര ടൂറിസം സെക്രട്ടറി ശ്രീ. വിനോദ് സുത്ഷി എന്നിവര്‍ കേരളത്തിന്റെ പവിലിയന്‍ സന്ദര്‍ശിച്ച പ്രമുഖരില്‍പെടുന്നു.

കേരളത്തിന്റെ തനതു പൈതൃക സമ്പത്തായ ചുണ്ടന്‍ വള്ളങ്ങള്‍ ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നും കേരളത്തിന്റെ സംസ്‌കാരവും ആഘോഷങ്ങളും ആഗോള സഞ്ചാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ കേരള ടൂറിസം കൂടുതല്‍ പരിശ്രമങ്ങള്‍ നടത്തുകയാണെന്നും മേളയില്‍ കേരളസംഘത്തെ നയിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണുവി. പറഞ്ഞു.

ബീച്ചുകള്‍, മലയോരങ്ങള്‍, കായല്‍പ്രദേശങ്ങള്‍, ഹൗസ്‌ബോട്ടുകള്‍, ആയുര്‍വേദം എന്നിവയായിരുന്നു കേരളം മുഖ്യ കാഴ്ചകളാക്കിയത്. ബിബിസി അവതാരകന്‍ ആരണ്‍ ഹേസല്‍ഹേസ്റ്റ് നയിച്ച അഭിമുഖപരിപാടിയിലും ടൂറിസം പ്രിന്‍സിപ്പില്‍ സെക്രട്ടറി പങ്കെടുത്തു. കേരള ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ കോഓര്‍ഡിനേറ്ററായ ശ്രീ രൂപേഷ്‌കുമാര്‍, ‘ഇന്ത്യ: ഉത്തരവാദിത്ത ടൂറിസത്തിലൂടെ സമുന്നതമായ വിനോദസഞ്ചാര അനുഭവം’ എന്ന വിഷയത്തില്‍ മേളയില്‍ പ്രഭാഷണവും നടത്തി.

കേരളത്തിന്റെ വിപണനതന്ത്രങ്ങളുടെ ഫലപ്രാപ്തിയാണ് ലണ്ടനില്‍ ലഭിച്ച പുരസ്‌കാരമെന്ന് ടൂറിസം ഡയറക്ടര്‍ ശ്രീ യു.വി ജോസ് പറഞ്ഞു. ഐതിഹാസികമായ ചുണ്ടന്‍വള്ളങ്ങളെയും കേരളത്തിന്റെ വൈവിധ്യമുള്ള ഉല്പന്നങ്ങളെയും വിനോദസഞ്ചാരകേന്ദ്രങ്ങളെയും ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നൂതനമായ സമീപനങ്ങള്‍ക്കു ലഭിച്ച അംഗീകാരം കൂടിയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലേയ്ക്ക് ഏറ്റവുമധികം വിനോദസഞ്ചാരികളെ എത്തിക്കുന്ന രാജ്യമായ ബ്രിട്ടനില്‍ നിന്നു ലഭിച്ച പ്രതികരണം ഇവിടേയ്ക്ക് കൂടുതല്‍ യാത്രികരെ എത്തിക്കുമെന്നാണ് കേരള ടൂറിസത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ നിന്ന് 1.67 ലക്ഷം സഞ്ചാരികളാണ് കേരളത്തിലെത്തിയത്. കേരളത്തിന്റെ മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ പത്തുശതമാനമാണ് കേരള ടൂറിസത്തിന്റെ സംഭാവന.

ഡബ്ല്യുടിഎം പവിലിയന്റെ സാക്ഷാത്കരിച്ചതും രൂപകല്‍പന ചെയ്തതും കേരള ടൂറിസത്തിന്റെ ക്രിയേറ്റിവ്-ബ്രാന്‍ഡ് മാനേജ്‌മെന്റ് ഏജന്‍സിയായ സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന്‍സ് ആണ്. ഈജിപ്ത്, ബല്‍ജിയത്തിലെ ഫ്‌ളാന്‍ഡേഴ്‌സുമാണ് മികച്ച പവിലിയനുകള്‍ക്കുള്ള മറ്റ് അവാര്‍ഡ് ജേതാക്കള്‍.

കുമരകം ലേക്ക് റിസോര്‍ട്ട്, പുനര്‍നവ ആയുര്‍വേദിക് ഹോസ്പിറ്റല്‍സ്, പുന്നമട റിസോര്‍ട്ട്, ഉദയസമുദ്ര ലീഷര്‍ ബീച്ച്‌ഹോട്ടല്‍, സന്‍ദാരി റിസോര്‍ട്‌സ്, ജയശ്രീ ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ്, ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, പയനിയര്‍ പേഴ്‌സനലൈസ്ഡ് ഹോളിഡേയ്‌സ്, സ്‌പൈസ് ലാന്‍ഡ് ഹോളിഡേയ്‌സ് എന്നീ സ്വകാര്യസംരംഭകരും കേരള ടൂറിസത്തിനൊപ്പം മേളയില്‍ പങ്കെടുത്തിരുന്നു.

NO COMMENTS

LEAVE A REPLY