എ.ഡി.ജി.പിയെ തെറ്റിദ്ധരിപ്പിച്ച റിപ്പോര്‍ട്ട്: കോട്ടയം സ്പെഷല്‍ ബ്രാഞ്ച് സി.ഐയെ മാറ്റി

202

തിരുവനന്തപുരം:റിയോ ഒളിന്പിക്സിലെ മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ തിരുവനന്തപുരത്തു നടത്തിയ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുപ്പിക്കുന്നതിന്, ആരോപണവിധേയനായ മുഖ്യ സ്പോണ്‍സറെ വെള്ളപൂശിയ കോട്ടയം സ്പെഷല്‍ ബ്രാഞ്ച് സി.ഐയെ സ്ഥലംമാറ്റി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ ഒളിന്പിക്സ് മെഡല്‍ ജേതാക്കള്‍ക്കായി ഒരു കോടിയോളം രൂപയുടെ കാഷ് അവാര്‍ഡ് നല്‍കുന്ന ചടങ്ങില്‍ നിന്നു മുഖ്യമന്ത്രി വിട്ടുനിന്നത് ഇന്‍റലിജന്‍സ് എ.ഡി.ജി.പി: ആര്‍.ശ്രീലേഖ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണെന്നു ചടങ്ങ് സംഘടിപ്പിച്ച മുഖ്യ സ്പോണ്‍സര്‍ ആരോപിച്ചിരുന്നു. കോട്ടയം സ്പെഷല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടറാണ് ഇത്തരമൊരു ആരോപണം ഉയര്‍ത്താന്‍ സ്പോണ്‍സറെ പ്രേരിപ്പിച്ചതെന്ന് ഇന്‍റലിജന്‍സിന്‍റെ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണു സസ്പെന്‍ഷന്‍.സ്പോണ്‍സര്‍ക്കെതിരേ ഭൂമി കൈയേറ്റം അടക്കം നിരവധി കേസുകള്‍ ഉണ്ടായിരുന്നുവെന്നു ഇന്‍റലിജന്‍സ് ആസ്ഥാനത്തെ രഹസ്യ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍, ദുരൂഹ വ്യക്തിത്വമുള്ള ഒരാള്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി കാഷ് അവാര്‍ഡ് വിതരണം ചെയ്യുന്നതു ശരിയല്ലെന്ന് ഇന്‍റലിജന്‍സ് വിഭാഗം അദ്ദേഹത്തെ ധരിപ്പിക്കുകയായിരുന്നു. അതേസമയം, തനിക്കെതിരേ ഒരു പെറ്റിക്കേസ് പോലും ഉണ്ടായിട്ടില്ലെന്നും 2014 ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇതുപോലെ തെറ്റിദ്ധരിപ്പിച്ചിരുന്നതായും സ്പോണ്‍സര്‍ പരാതിപ്പെടുന്നു.