ഉദ്യോഗകയറ്റത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റുകൾ ഹാജരാക്കിയ കേരള ഹൗസിലെ മൂന്ന് ജീവനക്കാരെ സസ്പെന്‍റ് ചെയ്തു

189

ന്യൂഡല്‍ഹി: ഉദ്യോഗകയറ്റത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റുകൾ ഹാജരാക്കിയ കേരള ഹൗസിലെ മൂന്ന് ജീവനക്കാരെ സസ്പെന്‍റ് ചെയ്തു. കേരള ഹൗസിലെ ഗസ്റ്റ് ഹൗസ് വിഭാഗത്തിന് കീഴിലെ ജീവനക്കാരായ വസുമോഹൻ, ശശിധരൻ, ബിജുകുമാർ എന്നിവരെയാണ് പൊതുഭരണ വകുപ്പ് സസ്പെന്‍റ് ചെയ്തത്.
ഉദ്യോഗകയറ്റത്തിനായി ഇവർ വ്യാജ സര്‍ട്ടിഫിക്കറ്റുകൾ സമര്‍പ്പിച്ചത് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാർ ഇവര്‍ക്ക് ശാസനമാത്രം നൽകി ജോലിയിൽ തുടരാൻ അനുവദിച്ചു.
യു.ഡി.എഫ് സര്‍ക്കാർ എടുത്ത നടപടികൾ റദ്ദാക്കി ജീവനക്കാരെ സസെപെന്‍റ് ചെയ്ത പൊതുഭരണ വകുപ്പ് ഇവര്‍ക്കെതിരെ വിജിലൻസ് അന്വേഷണത്തിനും ശുപാര്‍ശ ചെയ്തു. അതല്ലെങ്കിൽ മറ്റ് എന്ത് നിയമനടപടി സ്വീകരിക്കാമെന്ന് ആലോചിക്കാൻ റസിഡന്‍റ് കമ്മീഷണറോട് ആവശ്യപ്പെട്ടു. കേരള ഹൗസിലെ അനധികൃത നിയമനങ്ങൾ സംബന്ധിച്ച പരാതികളും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നിയമം ലംഘിച്ച് 41 ജീവനക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു.
കേരള ഹൗസിലെ നിയമനങ്ങൾ പി എസ് സിക്ക് വിടണമെന്ന ആവശ്യം ശക്തമാണെങ്കിലും അക്കാര്യത്തിലുള്ള തീരുമാനങ്ങളും വൈകുകയാണ്. കേരള ഹൗസിന് സമീപത്തെ കൊച്ചിൻ ഹൗസ് 9 കോടി രൂപ ചിലവിട്ട് നവീകരിച്ചതിനെതിരെയുള്ള പരാതികളും നിലനിൽക്കുന്നുണ്ട്. അതേസമയം കേരള ഹൗസിന്‍റെ പ്രവര്‍ത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.