ഹൈക്കോടതി നിര്‍ദേശം മറികടന്ന അഞ്ച് വിദ്യാര്‍ഥികള്‍ക്കു 10,000 രൂപ വീതം പിഴ ചുമത്തി

211

കൊച്ചി• മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദേശം മറികടന്ന അഞ്ച് വിദ്യാര്‍ഥികള്‍ക്കു 10,000 രൂപ വീതം പിഴ ചുമത്തി. മെറിറ്റ് അടിസ്ഥാനത്തിലല്ല പ്രവേശനം എന്നാരോപിച്ച്‌ ആലുവ ശ്രീനാരായണ മെഡിക്കല്‍ കോളജിനെതിരെ കുട്ടികള്‍ കോടതിയെ സമീപിച്ചിരുന്നു. വ്യാഴാഴ്ചയ്ക്കു മുമ്ബ്സ ര്‍ട്ടിഫിക്കറ്റുകളുമായി എത്തിയാല്‍ പ്രവേശനം നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പണമില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ കോളജില്‍ എത്തിയില്ല. കോടതിയെ ഇക്കാര്യം അറിയിക്കാത്തതിനാലാണു പിഴ ചുമത്തിയത്.
ആറു വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ കുട്ടികളുടെ അപേക്ഷയില്‍ പിശകുകളുണ്ടെന്നും അതു തിരുത്തിയാല്‍ പ്രവേശനം നല്‍കാമെന്നുമായിരുന്നു കോളജിന്റെ വാദം.28നു മുന്‍പായി കോളജില്‍ ഹാജരായി അപേക്ഷയിലെ പിശകുകള്‍ തിരുത്തിയതിനുശേഷം ഫീസ് അടച്ചാല്‍ പ്രവേശനം നേടാമെന്ന് കോടതി നിര്‍ദേശിച്ചു. ഒരു വിദ്യാര്‍ഥി മാത്രമാണ് ഇപ്രകാരം ചെയ്തത്. ഇക്കാര്യം കോടതി പരിഗണനയ്ക്ക് എടുത്തപ്പോള്‍ കോളജ് അധികൃതര്‍ ശ്രദ്ധയില്‍പ്പെടുത്തി. കോടതി നിര്‍ദേശം വിദ്യാര്‍ഥികള്‍ മറികടന്നുവെന്ന് കോളജ് അറിയിച്ചു.
തുടര്‍ന്ന് വിവരം കോടതിയെ അറിയിക്കാത്തതിന് 10,000 രൂപ പിഴ അടയ്ക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഈ പിഴ ഹൈക്കോടതിയുടെ മീഡിയേഷന്‍ സെന്ററിനു നല്‍കണമെന്നാണ് നിര്‍ദേശം. വലിയൊരു ഫീസ് അടച്ച്‌ പ്രവേശനം നേടാനുള്ള സ്ഥിതിയിലല്ല ഞങ്ങളെന്നും അതുകൊണ്ടാണ് പ്രവേശനം നേടാത്തതെന്നുമാണ് വിദ്യാര്‍ഥികളുടെ നിലപാട്.