ഐഎസ്‌എല്‍ മൂന്നാം പതിപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വിയോടെ തുടക്കം

213

ഗുവാഹത്തി• ഐഎസ്‌എല്‍ മൂന്നാം പതിപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വിയോടെ തുടക്കം. ഗുവാഹത്തി ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. നോര്‍ത്ത് ഈസ്റ്റിന്റെ ജപ്പാന്‍ താരം കാറ്റ്സുമി യൂസ 55-ാം മിനിറ്റില്‍ നേടിയ ഗോളാണ് മല്‍സരഫലം നിര്‍ണയിച്ചത്. ഏറിയ സമയവും പ്രതിരോധത്തിന് ഊന്നല്‍ കൊടുത്തു കളിച്ച ബ്ലാസ്റ്റേഴ്സിനെതിരെ തുടക്കം മുതലേ ആക്രമണം അഴിച്ചുവിട്ട നോര്‍ത്ത് ഈസ്റ്റ് അര്‍ഹിക്കുന്ന വിജയമാണ് സ്വന്തമാക്കിയത്. മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് ഉള്‍പ്പെടുന്ന പ്രതിരോധനിരയുടെയും ഗോള്‍കീപ്പര്‍ ഗ്രഹാം സ്റ്റോക്കിന്റെയും മികവാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയം ഒരു ഗോളില്‍ ഒതുക്കിയത്.ആക്രമണത്തിലൂന്നി കളിക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും അവര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന കേരളാ ബ്ലാസ്റ്റേഴ്സുമായിരുന്നു ഗുവാഹത്തി ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തിന്റെ ആരംഭം മുതലുള്ള കാഴ്ച. ആരാധകരുടെ ആരവങ്ങള്‍ക്കൊത്ത് തുടര്‍ ആക്രമണങ്ങളുമായി കളം നിറഞ്ഞ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് മുന്നില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞുള്ള കളിയായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സിന്റേത്. ശ്രദ്ധേയമായ ഒരു മുന്നേറ്റം പോലും സംഘടിപ്പിക്കാന്‍ കേരളത്തിനായില്ല. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാകട്ടെ, പലകുറി ഗോളിനടുത്തെത്തുകയും ചെയ്തു. ഈ അവസരങ്ങളിലെല്ലാം പ്രതിരോധനിരയും ഗോള്‍കീപ്പര്‍ ഗ്രഹാം സ്റ്റോക്കും ബ്ലാസ്റ്റേഴ്സിന്റെ തുണയ്ക്കെത്തി. ഇതോടെ ഒന്നാം പകുതിയില്‍ സ്കോര്‍ 0-0.രണ്ടാം പകുതിയില്‍ പന്തു കൈവശം വച്ചു കളിക്കാന്‍ ശ്രമിച്ചതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങളും കളത്തിലുണ്ടെന്ന തോന്നലുയര്‍ന്നു. ചെറുമുന്നേറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സ് വരവറിയിക്കുന്നതിനിടെയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഗോള്‍. ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയുടെ ഒരു നിമിഷത്തെ അശ്രദ്ധയില്‍നിന്നാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോളെത്തിയത്. ഗോള്‍ ലക്ഷ്യം വച്ച്‌ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്തേക്കെത്തിയ നോര്‍ത്ത് ഈസ്റ്റിന്റെ അര്‍ജന്റീനിയന്‍ താരം നിക്കോ വെലസിനെ തടയാനെത്തിയത് പ്രതിരോധത്തിലെ കരുത്തന്‍ സന്ദേശ് ജിങ്കാന്‍. എന്നാല്‍, ജിങ്കാന്റെ പ്രതിരോധപ്പൂട്ട് വിദഗ്ധമായി പൊളിച്ച വെലസ് പന്ത് പോസ്റ്റിന് സമാന്തരമായി നീട്ടി നല്‍കി. ഓടിയെത്തിയ ജപ്പാന്‍ താരം കാറ്റ്സുമി യൂസയുടെ ക്ലിനിക്കല്‍ ഫിനിഷിങ്ങില്‍ നോര്‍ത്ത് ഈസ്റ്റ് മുന്നില്‍.ഒരു ഗോളിന് പിന്നിലായതോടെ ബ്ലാസ്റ്റേഴ്സ് ദിദിയര്‍ കാഡിയോയ്ക്ക് പകരം മൈക്കല്‍ ചോപ്രയെ കളത്തിലിറക്കി. നോര്‍ത്ത് ഈസ്റ്റ് നിരയില്‍ അര്‍ജന്റീനിയന്‍ താരം വെലസിന് പകരം ബ്രസീലിന്റെ പ്രിയോറിയും റൊമാറിക്കിന് പകരം മാര്‍ക്വീതാരം ദിദിയര്‍ സൊക്കോറയുമെത്തി. അവസാന നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി മികച്ചൊരു അവസരം ലഭിച്ചെങ്കിലും മൈക്കല്‍ ചോപ്രയ്ക്ക് പന്ത് നിയന്ത്രിക്കാനാകാതെ പോയത് തിരിച്ചടിയായി. സമനില ഗോളിനായുള്ള ശ്രമങ്ങളൊന്നും വിജയിക്കാതെ വന്നതോടെ ഐഎസ്‌എല്‍ മൂന്നാം പതിപ്പില്‍ ബ്ലാസ്റ്റേഴ്സിന് പരാജയത്തോടെ തുടക്കം.

NO COMMENTS

LEAVE A REPLY