നടി ആക്രമിക്കപ്പെട്ടസംഭവം: കാവ്യ മാധവന്റെ ലക്ഷ്യയില്‍ പോലീസ് പരിശോധന

259

കാക്കനാട് (കൊച്ചി) : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവന്റെ ലക്ഷ്യയില്‍ പോലീസ് പരിശോധന.മാവേലിപുരത്തെ വ്യാപാര സ്ഥാപനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 11നു തുടങ്ങിയ പരിശോധന ഉച്ചയ്ക്കു രണ്ടു വരെ നീണ്ടു. യുവനടിയെ തട്ടികൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണു ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യുടെ ഓഫിസില്‍ പരിശോധന നടത്തിയത്. നടി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിതെന്നു പൊലീസ് സൂചിപ്പിച്ചു. അതീവ രഹസ്യമായാണു പൊലീസ് സംഘമെത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പേരില്‍ നടന്‍ ദിലീപിനെ ബ്ലാക്മെയ്ല്‍ ചെയ്തു പണം ചോദിച്ചു ജയിലില്‍നിന്നു പ്രതി സുനില്‍ കുമാര്‍ എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്ന ‘കാക്കനാട്ടെ ഷോപ്പി’നെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമാണു സ്ഥാപനത്തില്‍ നടത്തിയ പരിശോധന. ഇതു സംബന്ധിച്ചു സുനില്‍ വിശദമായ മൊഴി നല്‍കിയിരുന്നു. കുറ്റകൃത്യത്തിനു ശേഷം കാക്കനാട്ടെ കടയിലെത്തിയതായി കത്തില്‍ രണ്ടിടത്തു സുനില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതേക്കുറിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണു സ്ഥാപനത്തില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.നടിയെ ആക്രമിച്ചതിന്റെ പിറ്റേന്ന് ഒളിവില്‍പോകും മുന്‍പാണു പ്രതി കാക്കനാട്ടെ കടയിലെത്തിയതായി മൊഴി നല്‍കിയത്. അപ്പോള്‍ ദിലീപ് ആലുവയിലാണെന്നു മറുപടി ലഭിച്ചതായും പറഞ്ഞു. കഴിഞ്ഞ ദിവസം ദിലീപിന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം ഇതുസംബന്ധിച്ചും ചില കാര്യങ്ങള്‍ തിരക്കിയിരുന്നു. പണമിടപാടു സംബന്ധിച്ച രേഖകളും കംപ്യൂട്ടറിലെ വിവരങ്ങളും പരിശോധിച്ചു.

NO COMMENTS