കശ്മീരില്‍ സുരക്ഷാസേന നടത്തിയ പെല്ലറ്റ് ആക്രമണത്തിനിടെ ഗുരുതരമായി പരുക്കേറ്റ 12 വയസ്സുകാരന്‍ മരിച്ചു

216

ശ്രീനഗര്‍ • പ്രതിഷേധക്കാര്‍ക്കുനേരെ സുരക്ഷാസേന നടത്തിയ പെല്ലറ്റ് ആക്രമണത്തിനിടെ ഗുരുതരമായി പരുക്കേറ്റ 12 വയസ്സുകാരന്‍ മരിച്ചു. സെയ്ദ്പോറ നിവാസിയായ ജുനൈദ് അഹമ്മദാണ് മരിച്ചത്. ഇതോടെ പ്രദേശത്ത് സംഘര്‍ഷം കൂടുതല്‍ ശക്തമായി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനു വേണ്ടിയാണ് ശനിയാഴ്ച വൈകിട്ട് സേന പെല്ലറ്റാക്രമണം നടത്തിയത്. ഈ സമയത്ത് വീടിന്റെ ഗേറ്റിനു സമീപത്തായി നില്‍ക്കുകയായിരുന്നു ജുനൈദ്. പെല്ലറ്റുകള്‍ ജുനൈദിന്റെ തലയിലും നെഞ്ചിലും പതിച്ചു. ഗുരുതരമായി പരുക്കേറ്റ ജുനൈദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ജുനൈദിന്റെ മൃതദേഹവുമായി നൂറുകണക്കിന് ജനങ്ങള്‍ തെരുവിലൂടെ പ്രതിഷേധപ്രകടനം നടത്തി. സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളും വിളിച്ചു. ഇവരെ തുരത്താനായി സേന കണ്ണീര്‍വാതകം പ്രയോഗിച്ചു.കഴിഞ്ഞ ജൂലൈയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ജമ്മു കശ്മീരിന്റെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം ആരംഭിച്ചത്. സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 90 ലധികം പേര്‍ പൊല്ലപ്പെട്ടു. പതിനായിരത്തോളം പേര്‍ക്ക് പരുക്കേറ്റു. താഴ്‍വരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. പൊതുഗതാഗതവും നിലച്ച മട്ടാണ്.

NO COMMENTS

LEAVE A REPLY