അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈനികനെ പിടികൂടിയതായി പാക്കിസ്ഥാന്‍

264

ശ്രീനഗര്‍ • അശ്രദ്ധമായി നിയന്ത്രണരേഖയിലെ അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈനികനെ പിടികൂടിയതായി പാക്കിസ്ഥാന്റെ അവകാശവാദം. 37 രാഷ്ട്രീയ റൈഫിള്‍ ജവാനും മഹാരാഷ്ട്ര സ്വദേശിയുമായ ചന്തു ബാബുലാല്‍ ചൗഹാന്‍ എന്ന സൈനികനെ പിടികൂടിയെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം.എന്നാല്‍, ഇത്തരത്തില്‍ സൈനികരും പ്രദേശവാസികളും അബദ്ധത്തില്‍ അതിര്‍ത്തി കടക്കുന്നത് അസാധാരണമല്ലെന്നു കരസേന അധികൃതര്‍ പ്രതികരിച്ചു. ഇക്കാര്യം ഹോട്ട്‍ലൈന്‍ വഴി ഡിജിഎംഒ പാക്കിസ്ഥാനെ അറിയിച്ചുവെന്നുമാണ് സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച്‌ ഇരുരാജ്യങ്ങളില്‍ നിന്നും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
അതിനിടെ, നിയന്ത്രണരേഖയിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന പാക്ക് മാധ്യമങ്ങളിലെ വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഇന്ത്യന്‍ കരസേന അധികൃതര്‍ പ്രതികരിച്ചു.പാക്ക് മാധ്യമമായ ദ ഡോണ്‍ ആണ് എട്ടു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. രണ്ടിടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ 14 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും ഡോണ്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറഞ്ഞിരുന്നു. പിന്നീട്, ഈ വാര്‍ത്ത അവര്‍ പിന്‍വലിക്കുകയായിരുന്നു.നിയന്ത്രണരേഖയ്ക്കപ്പുറം പാക്ക് അധീന കശ്മീരില്‍ തമ്ബടിച്ചിരുന്ന ഭീകരക്യാംപിനു നേരെ ഇന്നു പുലര്‍ച്ചെ ഇന്ത്യന്‍ സേന മിന്നല്‍ ആക്രമണം നടത്തിയിരുന്നു. 38 ഭീകരരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

NO COMMENTS

LEAVE A REPLY