ഇന്ത്യയ്ക്കെതിരെ പോരാടാന്‍ കാശ്മീരി യുവാക്കള്‍ക്ക് ഭീകരരുടെ ആഹ്വാനം

275

ശ്രീനഗര്‍: ഭീകരസംഘടനയില്‍ ചേര്‍ന്ന് ഇന്ത്യയ്ക്കെതിരെ പോരാടാന്‍ കാശ്മീരി യുവാക്കള്‍ക്ക് ഭീകരുടെ ആഹ്വാനം. എട്ടു മിനിറ്റു ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഭീകരരുടെ ഈ നിര്‍ദ്ദേശം. കാശ്മീര്‍ താഴ്വരയെ ജെയ്ഷെ മുഹമ്മദ് തകര്‍ക്കുമെന്നും അവരെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഭീകരന്‍ വെളിപ്പെടുത്തുന്നു. ദൈവം നിശ്ചയിച്ചതുപോലെ ഈ സന്ദേശം നിങ്ങളിലെത്തുമ്ബോള്‍ ഞാന്‍ സ്വര്‍ഗത്തില്‍ ദൈവത്തിന്റെ അതിഥിയായി ഇരിക്കുന്നുണ്ടാവുമെന്നും വീഡിയോയില്‍ പറയുന്നു. തോക്കുകള്‍ക്കും വെടിക്കോപ്പുകള്‍ക്കും നടുവിലിരുന്നാണ് ഭീകരന്‍ സംസാരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ജമ്മു കാശ്മീരിലെ പുല്‍വാമയിലെ സിപിആര്‍എഫ് ക്യാംപിനുനേരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. 3 ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പൊലീസുകാരന്റെ മകനാണ്. ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് 17 കാരനായ ഫര്‍ദീന്‍ അഹമ്മദ് ജെയ്ഷെ മുഹമ്മദില്‍ ചേര്‍ന്നത്. ഭീകരാക്രമണത്തിനു മുന്‍പായി ഭീകരന്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ജെയ്ഷെ മുഹമ്മദ്. ചാവേര്‍ ആക്രമണം നടത്തുന്ന ഭീകരര്‍ ആദ്യമായാണ് ഇത്തരമൊരു വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതെന്ന് പൊലീസ് ഓഫിസര്‍ പറഞ്ഞു. വീഡിയോ പൊലീസ് പരിശോധിച്ചുവരികയാണ്.