ജമ്മു കശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പില്‍ ചാവേര്‍ ആക്രമണം; നാല് ജവാന്മാര്‍ക്ക് വീരമൃത്യു

236

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണം. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ആക്രമണത്തില്‍ നാല് ജവാന്മാരുടെ ജീവന്‍ നഷ്ടമായി. സൈന്യം ശക്തമായി തിരിച്ചടിച്ചു. മൂന്നു ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അവന്തിപുരയിലെ സിആര്‍പിഎഫ് 185ാം ബറ്റാലിയന്‍ പരിശീലനകേന്ദ്രത്തിന് നേരെ പുലര്‍ച്ചെ രണ്ട് മണിയോടെ ജെയ്ഷെ മൊഹമ്മദ് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. ഭീകരര്‍ പരിശീലനകേന്ദ്രത്തിന് നേരെ ഗ്രനേഡുകള്‍ എറിയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ജെയ്ഷെ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് സൈനികവക്താക്കള്‍ അറിയിച്ചു. പുല്‍വാമയിലെ സാമ്ബൂരാ ഗ്രാമത്തില്‍ ജെയ്ഷെ മൊഹമ്മദ് നേതാവ് നൂര്‍ മുഹമ്മദ് താന്ത്രായ് കൊല്ലപ്പെട്ടതിന് സൈന്യത്തോട് പകരം വീട്ടുമെന്ന് സംഘടന പറഞ്ഞ് ദിവസങ്ങള്‍ക്കകമാണ് സൈനിക ക്യാമ്ബിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.