ബുർഹാൻ വാനിയുടെ പിൻഗാമിയായ സബ്‍സര്‍ അഹമ്മദ് ഭട്ടിനെ ഇന്ത്യന്‍ സൈന്യം വധിച്ചു

199

ന്യൂഡല്‍ഹി: ഹിസ്ബുൾ മുജാഹിദീൻ കമാൻഡറും കശ്മീരിൽ കൊല്ലപ്പെട്ട ബുർഹാൻ വാനിയുടെ പിൻഗാമിയുമായ സബ്‍സര്‍ അഹമ്മദ് ഭട്ടിനെ ഇന്ത്യന്‍ സൈന്യം വധിച്ചു . സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാംപൂരിലും ത്രാലിലുമായി എട്ട് ഭീകരരെ സൈന്യം വധിച്ചു. അനന്ത്നാഗിൽ സുരക്ഷ സേനക്കുനേരെ നാട്ടുകാരുടെ രൂക്ഷമായ കല്ലേറ് നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ കശ്മിരിലെ ത്രാൽ പ്രദേശത്ത് ഇന്നു രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് സബ്‍സര്‍ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന പോരാട്ടത്തിൽ രണ്ടു ഭീകരരെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതിലൊരാൾ സബ്സർ അഹമ്മദ് ഭട്ടാണെന്നാണ് വിവരം.

വെള്ളിയാഴ്ച രാത്രി ഇവിടെ പട്രോളിങ് നടത്തുകയായിരുന്ന സൈനികർക്കു നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വെടിവയ്പിന്റെ പശ്ചാത്തലത്തിൽ സൈന്യം നടത്തിയ പരിശോധനയിൽ ഇവിടെ ഭീകരർ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് ഭീകരരുടെ ഒളിസങ്കേതം സൈന്യം വളയുകയായിരുന്നു. സബ്സർ ഭട്ട് കൊല്ലപ്പെട്ടതായി വാർത്ത പരന്നതോടെ സൈന്യത്തിനു നേരെ കശ്മീരിൽ കല്ലേറു വർദ്ധിച്ചു. നേരത്തെ, ബുർഹാൻ വാനി കൊല്ലപ്പെട്ടതിനു പിന്നാലെ കശ്മീർ താഴ്‌വരയിൽ തുടങ്ങിയ സംഘർഷം മാസങ്ങളോളം നീണ്ടുനിൽക്കുകയും അക്രമങ്ങളിൽ ഒട്ടേറെപ്പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അതിനിടെ ഇന്നും ഇന്നലെയുമായി നുഴഞ്ഞുകയറാൻ ശ്രമിച്ച എട്ടു ഭീകരരെ ഇതുവരെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മേഖല സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരര്‍ക്കായുള്ള തെരച്ചിൽ തുടരുന്നു. അതിര്‍ത്തി വഴി ഭീകരര്‍ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ.

NO COMMENTS

LEAVE A REPLY