കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

151

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പോലീസ് വാഹനവ്യൂഹത്തെ ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഡിസ്ട്രിക് അഡീഷണല്‍ സൂപ്രണ്ട് ചന്ദന്‍ കോഹ്ലി, പുല്‍വാമ സീനിയര്‍ പോലീസ് സൂപ്രണ്ട് റയീസ് അഹമ്മദ്, അവന്തിപോര സീനിയര്‍ സൂപ്രണ്ട് സാഹിദ് മാലിക് എന്നിവര്‍ സഞ്ചരിച്ച വാഹനമാണ് ഭീകരര്‍ ആക്രമിച്ചത്. കാറില്‍ എത്തിയ ഭീകരര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ വെടിവെക്കുകയായിരുന്നു. എന്നാല്‍ പോലീസിന്റെ കൃത്യസമയത്തുള്ള പ്രത്യാക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെടുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. ഭീകരരില്‍ നിന്ന ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.