ശിഖര്‍ ധവാന് പകരം കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമില്‍

207

കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളിയായ കരുണ്‍ നായരെ ഉള്‍പ്പെടുത്തി. പരിക്കേറ്റ ശിഖര്‍ ധവാനു പകരമാണ് കരുണിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാം ടെസ്റ്റില്‍ ട്രെന്‍ഡ് ബോള്‍ട്ട് എറിഞ്ഞ പന്ത് രണ്ട് തവണ കൈയില്‍ കൊണ്ടാണ് ധവാനു പരിക്കേറ്റത്. കൈയില്‍ പൊട്ടലേറ്റ ധവാന് 10 മുതല്‍ 15 ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.24 കാരനായ കരുണ്‍നായര്‍ കര്‍ണാടകത്തിന് വേണ്ടിയാണ് രഞ്ജിയില്‍ കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്ബരയില്‍ മുരളിവിജയ്ക്ക് പരിക്കേറ്റത് മൂലം ടീമിലേക്ക് തിരഞ്ഞെടുത്തെങ്കിലും കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല.ഈ വര്‍ഷം ജൂണില്‍ സിംബാബ്വെയ്ക്കെതിരെ നടന്ന പരമ്ബരയിലൂടെ കരുണ്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. രണ്ട് ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള കരുണ്‍ നായര്‍ 46 റണ്‍സ് നേടിയിട്ടുണ്ട്. 39 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
2015-16 രഞ്ജി സീസണില്‍ 50 റണ്‍സ് ശരാശരിയില്‍ 500 റണ്‍സാണ് ഈ പാതി മലയാളി നേടിയത്. ഐ.പി.എല്ലിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കരുണിന് സാധിച്ചു. ഐപിഎല്ലില്‍ നിലവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമാണ് കരുണ്‍ നായര്‍.
എന്നാല്‍ ആദ്യ ഇലവനില്‍ സ്ഥാനമുറപ്പിക്കുക കരുണിന് അത്ര എളുപ്പമല്ല. വളരെ കാലത്തിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഗൗതം ഗംഭീര്‍ ധവാന് പകരം ടീമില്‍ ഇടം നേടാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ ടെസ്റ്റ് അരങ്ങേറ്റത്തിനായി കരുണ്‍ വീണ്ടും കാത്തിരിക്കേണ്ടി വരും.കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെ 178 റണ്‍സിന് തകര്‍ത്ത് മൂന്ന് ടെസ്റ്റുകളുടെ പരമ്ബര 2-0 ന് നേടിയ ഇന്ത്യ ഐസിസി റാങ്കിങ്ങില്‍ പാകിസ്താനെ മറികടന്ന് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. ഇന്‍ഡോറില്‍ ഈ മാസം എട്ട് മുതലാണ് പരമ്ബരയിലെ അവസാന ടെസ്റ്റ്.