കാര്‍ത്തി ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ്

199

മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ ലുക്കൗട്ട് നോട്ടീസ്. രാജ്യത്തെ പ്രധാനവിമാനത്താവളങ്ങളിലും റെയില്‍വേസ്റ്റേഷനുകളിലും കാര്‍ത്തി ചിദംബരത്തിന് വേണ്ടി ലുക്കൗട്ട് നോട്ടീസ് പതിയ്ക്കാനാണ് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. കാര്‍ത്തിയുടെ വീട്ടിലും സ്ഥാപനങ്ങളിലും മെയ് ആദ്യവാരം ആദായനികുതിവകുപ്പ് റെയ്ഡുകള്‍ നടത്തിയിരുന്നു. ഐഎന്‍എക്സ് മീഡിയ എന്ന മാധ്യമസ്ഥാപനത്തിന് അനധികൃതമായി വിദേശഫണ്ട് കടത്താന്‍ അനുമതി നല്‍കുന്നതിന് സഹായിച്ചുവെന്നായിരുന്നു കാര്‍ത്തി ചിദംബരത്തിനെതിരെ ചുമത്തിയ കേസ്. റെയ്ഡിന് ശേഷം പല തവണ ആദായനികുതിവകുപ്പ് സമന്‍സ് അയച്ചെങ്കിലും ഹാജരായില്ലെന്ന് കാണിച്ചാണ് കാര്‍ത്തിയ്ക്കെതിരെ ഇപ്പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിയ്ക്കുന്നത്. എന്നാല്‍ ലുക്കൗട്ട് നോട്ടീസ് പിന്‍വലിയ്ക്കണമെന്നും സ്വദേശമായ കാരൈക്കുടിയിലാണ് താനുള്ളതെന്നും കാണിച്ച്‌ കാര്‍ത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കൊടുംകുറ്റവാളിയെപ്പോലെ തന്നെ ചിത്രീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിയ്ക്കുകയാണെന്നും കാര്‍ത്തി ചിദംബരം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.