ഡിജിപിക്കു ഫോണിൽ അസഭ്യവർഷം; മലപ്പട്ടം സ്വദേശി പിടിയിൽ

220

കണ്ണൂർ∙ സംസ്ഥാന പൊലീസ് മേധാവിയെ ഫോണിൽ അസഭ്യം പറഞ്ഞ മലപ്പട്ടം സ്വദേശി പിടിയിൽ. മദ്യലഹരിയിൽ നടത്തിയ ‘കലാപരിപാടി’യാണ് മലപ്പട്ടം സ്വദേശിയെ കുടുക്കിലാക്കിയത്. ഇയാൾക്കെതിരെ മയ്യിൽ പൊലീസ് കേസെടുത്ത് പിന്നീടു വിട്ടയച്ചു.

കടയിൽ നിന്നു കിട്ടിയ നോട്ടിൽ രേഖപ്പെടുത്തിയ നമ്പറിൽ വിളിച്ചതാണു സംഭവങ്ങളടെ തുടക്കം. പ്ലീസ് കോൾ മീ എന്നെഴുതി താഴെ കൊടുത്ത നമ്പറിലാണ് ഇയാൾ വിളിച്ചത്. ഡിജിപി ലോക്നാഥ് ബെഹ്റയാണ് എന്നു പറഞ്ഞെങ്കിലും വിശ്വസിക്കാതെ അസഭ്യം പറയുകയായിരുന്നെന്നു പൊലീസ് പറയുന്നു.

ഇതേത്തുടർന്നു സൈബർ സെൽ വഴി നമ്പറിന്റെ ഉടമയെ കണ്ടെത്തിയപ്പോഴാണു മലപ്പട്ടം സ്വദേശിയാണെന്നു തിരിച്ചറിഞ്ഞത്. തുടർന്നു മയ്യിൽ എസ്ഐ ഇ.വി.ഫായിസ് അലി ഇയാൾക്കെതിരെ കേസെടുത്തു. മദ്യലഹരിയിൽ കൂട്ടുകാരുടെ പ്രകോപനത്തിൽ അറിയാതെ പറ്റിപ്പോയതാണെന്നും മാപ്പാക്കണമെന്നുമുള്ള ‘വിനീതമായ’ അപേക്ഷ പരിഗണിച്ച് പൊലീസ് ഇയാളെ വിട്ടയച്ചു.