പഞ്ചാബിന്റെ ചുമതലയിൽ നിന്നു മാറ്റണമെന്ന് കമൽനാഥ്

378

ന്യൂഡൽഹി∙ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കെ സംസ്ഥാനത്തിന്റെ ചുമതലയിൽ നിന്ന് മാറ്റണമെന്നു കാട്ടി കോൺഗ്രസ് മുതിർന്ന നേതാവ് കമൽനാഥ് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതി. യഥാർഥ വിഷയങ്ങളിൽ നിന്നു ശ്രദ്ധ തിരിയാതിരിക്കാനാണ് തന്നെ മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും കമൽനാഥ് കത്തിൽ വ്യക്തമാക്കുന്നു. അതേസമയം, കമൽനാഥിന്റെ ആവശ്യം സോണിയ ഗാന്ധി അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിഖ് കലാപത്തെക്കുറിച്ച് അനാവശ്യമായ വിവാദങ്ങൾ ഉണ്ടാകുന്നത് വേദനിപ്പിക്കുന്നു. 2005 വരെ തനിക്കെതിരെ പ്രസ്താവനയോ എഫ്ഐആറോ ഉണ്ടായില്ല. കലാപം നടന്ന് 21 വർഷങ്ങൾക്കുശേഷമാണ് തന്റെ പേരും പറഞ്ഞുകേൾക്കുന്നത്. ഇതു വെറും രാഷ്ട്രീയക്കളിയാണ്. തിരഞ്ഞെടുപ്പിനു മുൻപ് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം, കമൽനാഥ് കത്തിൽ കൂട്ടിച്ചേർത്തിരുന്നു.

സിഖ് കലാപത്തിൽ ആരോപണവിധേയനായ കമൽനാഥിനെ സംസ്ഥാനത്തിന്റെ ചുമതലയേൽപ്പിച്ചതിനെ തുടർന്ന് കോൺഗ്രസിനുള്ളിൽ തന്നെ വിമർശനം ഉയർന്നിരുന്നു. 1984ലെ കലാപത്തിൽ ഡൽഹിയിലെ രാകാബ്ഗഞ്ച് ഗുരുദ്വാരയിലേക്ക് അക്രമത്തിനായി ജനക്കൂട്ടത്തെ നയിച്ചത് കമൽനാഥാണെന്നാണ് ആരോപണം. ഇദ്ദേഹത്തിന് സംസ്ഥാനത്തിന്റെ ചുമതല നൽകിയതിനെ പഞ്ചാബ് കോൺഗ്രസ് നേതൃത്വം പോലും ഞെട്ടലോടെയാണ് കണ്ടത്.

കഴിഞ്ഞ രണ്ടു തവണയും പ്രതിപക്ഷത്തിരുന്ന പാർട്ടി ഇത്തവണ നിർണായകമാകുമെന്ന വിലയിരുത്തലിനിടെയാണ് കമൽനാഥിന്റെ ചുമതലയെക്കുറിച്ച് വാർത്തവന്നത്. ആംആദ്മി പാർട്ടിയും ശിരോമണി അകാലിദളും ബിജെപിയും കോൺഗ്രസ് തീരുമാനത്തെ രാഷ്ട്രീയ ആയുധമാക്കാൻ തുടങ്ങിയിരുന്നു. ഇതേത്തുടർന്നാണ് കമൽനാഥിന്റെ പിന്മാറ്റം.

NO COMMENTS

LEAVE A REPLY