സ്വകാര്യത കൂടിപ്പോയതാണ് ഇന്നത്തെ സമൂഹത്തിന്‍റെ പ്രശ്നമെന്നു ജസ്റ്റിസ് ബി.കെമാല്‍ പാഷ

232

മലപ്പുറം • സ്വകാര്യത കൂടിപ്പോയതാണ് ഇന്നത്തെ സമൂഹത്തിന്റെ പ്രശ്നമെന്നു ജസ്റ്റിസ് ബി.കെമാല്‍ പാഷ. മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ട്രസ്റ്റും ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയും ചേര്‍ന്നു സംഘടിപ്പിച്ച ജുഡീഷ്യല്‍ ആന്‍ഡ് മീഡിയ ആക്ടിവിസം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്‍പ് സ്വന്തം കിടപ്പുമുറിയില്‍ മാത്രമായിരുന്നു സ്വകാര്യത. എന്നാല്‍, ഇപ്പോള്‍ അടുക്കളയും സ്വീകരണമുറിയും വീടും സ്ഥലവും ഭൂമിയുമെല്ലാം സ്വകാര്യതയുടെ ഇടങ്ങളായി മാറി. അയല്‍ക്കാരുടെയും ബന്ധുക്കളുടെയും സന്ദര്‍ശനം കുറയുന്നു. ആശയവിനിമയം കുറഞ്ഞു. സമൂഹത്തിലെ ആശയദാരിദ്ര്യമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ടിവി സീരിയലുകളും മദ്യവും സ്വകാര്യതയിലേക്ക് ഉള്‍വലിയാനുള്ള പ്രേരകങ്ങളായി.

ഇത്തരമൊരു ഘട്ടത്തില്‍ ജനങ്ങള്‍ക്കു വിവരങ്ങളറിയാനുള്ള ഏക മാര്‍ഗം മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ആളുകളെ ദ്രോഹിക്കാന്‍ മാത്രമുള്ള നിയമമായി വിവരാവകാശ നിയമം മാറിയിരിക്കുന്നു. ഒട്ടേറെപ്പേരുടെ രക്ഷയ്ക്കെത്തിയ നിയമം ഇന്നു ചിലര്‍ തോന്ന്യവാസത്തിന് ഉപയോഗിക്കുകയാണ്. ജഡ്ജിന്റെ സ്വന്തം ചിന്താഗതികള്‍ വിധിന്യായത്തില്‍ കടന്നുവരുന്നതു സ്വാഭാവികമാണ്. കാരണം, ന്യായാധിപന്‍മാരെല്ലാം മനുഷ്യന്‍മാരാണ്. പറയേണ്ട കാര്യങ്ങള്‍ പറയുകതന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.