കെ. എസ്. എഫ്. ഇ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തി

80

തിരുവനന്തപുരം : കെ. എസ്. എഫ്. ഇ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തിയതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുതിർന്ന പൗരൻമാരുടെ നിക്ഷേപങ്ങളുടെ പലിശ എട്ടിൽ നിന്ന് 8.5 ശതമാനമായി ഉയർത്തി. 91 ദിവസം മുതൽ 180 ദിവസം വരെയുള്ള ഹ്രസ്വകാല നിക്ഷേപങ്ങളുടെ വായ്പാ നിരക്ക് 4.75 ശതമാനത്തിൽ നിന്ന് ഏഴു ശതമാനമാക്കി.

പൊതുവിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ ഏഴിൽ നിന്ന് 7.25 ശതമാനമായി ഉയർത്തി. ചിട്ടിപ്പണം നിക്ഷേപത്തിന്റെ പലിശ 7.5 ശതമാനത്തിൽ നിന്ന് 7.75 ശതമാനമാക്കി. ചിട്ടിയിൻമേൽ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ പലിശ എട്ട് ശതമാനത്തിൽ നിന്ന് എട്ടര ശതമാനമാക്കി. സുഗമ നിക്ഷേപം/ സുഗമ സെക്യൂരിറ്റി നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.5 ശതമാനത്തിൽ നിന്ന് 6.5 ശതമാനമാക്കി. കെ. എസ്. എഫ്. ഇ നിക്ഷേപ സമാഹരണം നടത്തി പ്രവാസികൾക്കും വ്യാപാരികൾക്കും വായ്പ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു.

കെ. എസ്. എഫ്. ഇയുടെ രണ്ടു വർഷം കാലാവധിയുള്ള ഫിക്‌സഡ് ഡിവിഡന്റ് ചിട്ടിയിൽ (ഗ്രൂപ്പ് ഫിനാൻസ് സ്‌കീം) നാലു മാസത്തിനു ശേഷം ആവശ്യക്കാർക്കെല്ലാം ചിട്ടിത്തുക മുൻകൂറായി നൽകും. വൈകി തുക വാങ്ങുന്നവർക്ക് കൂടുതൽ തുക ലഭിക്കും. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത ശാഖകളിൽ പദ്ധതി നടപ്പാക്കും. ഈ സാമ്പത്തിക വർഷം ഇത്തരത്തിലുള്ള ആയിരം ചിട്ടികൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

12 തുല്യ മാസത്തവണകളായി അടയ്ക്കാൻ കഴിയുന്ന ജനമിത്രം സ്വർണപ്പണയ വായ്പയിൽ ഒരാൾക്ക് പത്തു ലക്ഷം രൂപ വരെ 5.7 ശതമാനം പലിശ നിരക്കിൽ ലഭിക്കും. സുവർണജൂബിലി ചിട്ടിയുടെ കാലാവധി 2020 ജൂൺ 30 വരെ നീട്ടി. ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ചിട്ടിപ്പണം അടയ്ക്കാനും സംവിധാനം ഏർപ്പെടുത്തി. www.ksfe.com ൽ ലിങ്ക് ലഭ്യമാണ്. ഏജന്റുമാർക്കും അപ്രൈസർമാർക്കും 2020 ഏപ്രിലിൽ പത്തു മാസം കൊണ്ട് തിരിച്ചടയ്‌ക്കേണ്ട തരത്തിൽ 15000 രൂപ വരെ പലിശ രഹിത വായ്പ നൽകി.

പഴയ കുടിശികകൾ തീർക്കുന്നതിന് അദാലത്ത് നടത്താൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. റിട്ടയേഡ് ജില്ലാ ജഡ്ജിയാവും അദാലത്ത് കമ്മിറ്റിയുടെ അധ്യക്ഷൻ. അഞ്ച് വർഷത്തിനു മുകളിൽ പഴക്കമുള്ള കുടിശികകളിൽ പലിശയും പിഴപ്പലിശയും ഒഴിവാക്കി നൽകും. അത്യാഹിതത്തെ തുടർന്ന് തിരിച്ചടവ് മുടങ്ങിയ സംഭവങ്ങളിൽ മുതലിലും ഇളവ് നൽകാൻ കമ്മിറ്റിക്ക് അധികാരമുണ്ടാവും. അഞ്ച് വർഷത്തിൽ താഴെ പഴക്കമുള്ള കുടിശികയുടെ പലിശയിൽ 80 ശതമാനം വരെ ഇളവ് നൽകാൻ കമ്മിറ്റിക്ക് കഴിയും.

പിഴപ്പലിശ ഒഴിവാക്കുകയും ചെയ്യും.
മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ച പ്രവാസി സൗഹൃദ സ്വർണപ്പണയ വായ്പ, പ്രവാസി മിത്രം സ്വർണപ്പണയ വായ്പ, നിവാസി സൗഹൃദ പാക്കേജിലെ പ്രത്യേക സ്വർണപ്പണയ വായ്പ, വ്യാപാര സമൃദ്ധി വായ്പ എന്നിവയും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

NO COMMENTS