ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണെന്ന് കെ. സുരേന്ദ്രന്‍

265

കോഴിക്കോട് : സോളാര്‍ കേസ്സില്‍ ഒരാള്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.
വെളിപ്പെടുത്തല്‍ പുറത്തുവന്ന് ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞിട്ടും എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടിയെ പോലീസ് ചോദ്യം ചെയ്യുന്നില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യത ഉണ്ടായിരുന്ന ഒരാള്‍, അതും സംസ്ഥാന മുഖ്യമന്ത്രിയായിരിക്കെ ബ്ലാക്ക് മെയിലിംഗിനു വിധേയമായി എന്നത് ഒരു നിസ്സാര പ്രശ്നമല്ല. ആരാണ് മുഖ്യമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്തത്? ഇതുവഴി എന്താണ് അയാള്‍ നേടിയതെന്നും സുരേന്ദ്രന്‍ ചോദിച്ചു. സോളാര്‍ കേസില്‍ ടീം സോളാറിനെ വഴിവിട്ടു സഹായിച്ചു എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള കേസ്. അപ്പോള്‍ ഈ ബ്ളാക്ക് മെയിലിംഗ് സംസ്ഥാനത്തെ ബാധിക്കുന്ന ഒരു കുററകൃത്യവുമായി ബന്ധപ്പെട്ടാണെന്ന് വ്യക്തം. ഇനി ഇതൊരു നിയമപ്രശ്നമാണ്. ബ്ളാക്ക് മെയിലിംഗിലൂടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയില്‍ നിന്ന് വഴിവിട്ട കാര്യങ്ങള്‍ നേടുന്നത് ഒരു കുററമല്ലേ? ഈ വിഷയത്തില്‍ പിണറായി വിജയന്‍ മൗനം പാലിക്കുന്നതെന്തുകൊണ്ട്? ഇക്കാര്യം അടിയന്തിരമായി സര്‍ക്കാര്‍ അന്വേഷണത്തിനു വിധേയമാക്കണം.
ഇക്കാര്യത്തില്‍ ഡിജിപിക്ക് പരാതി നല്‍കും. സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

NO COMMENTS