ഗാന്ധിയന്‍ കമ്യൂണിസ്റ്റ് കെ. മാധവന്‍ അന്തരിച്ചു

177

കാഞ്ഞങ്ങാട്: പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റ് നേതാവുമായ കെ. മാധവന്‍(102) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10.30-ഓടെയാണ് അന്ത്യം. ഗാന്ധിയന്‍ കമ്യൂണിസ്റ്റ് എന്നറിയപ്പെടുന്ന കെ. മാധവന്‍ 1930-ല്‍ കെ.കേളപ്പന്‍റെ നേതൃത്വത്തില്‍ കോഴിക്കോടുനിന്നു പയ്യന്നൂരിലേക്കു പുറപ്പെട്ട ഉപ്പുസത്യഗ്രഹ ജാഥ, 1931-ലെ ഗുരുവായൂര്‍ സത്യഗ്രഹസമരം എന്നിവയില്‍ പങ്കെടുത്തവരില്‍ അവസാനകണ്ണിയായിരുന്നു. കാസര്‍ഗോഡ് മലബാര്‍ സംയോജനം, ഐക്യകേരള പ്രക്ഷോഭം എന്നിവയ്ക്കു നേതൃത്വം നല്‍കി. കാസര്‍കോട്ടെ ഗ്രാമങ്ങളില്‍ കര്‍ഷകസംഘം രൂപീകരിക്കുന്നതിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.മടിക്കൈ വിളകൊയ്ത്ത് സമരം, രാവണീശ്വരത്തെ നെല്ലെടുപ്പുസമരം എന്നിവയ്ക്കു നേതൃത്വം നല്‍കി. കുടുംബവാഴ്ചയോടും ജന്മിവാഴ്ചയോടും പോരടിച്ചാണു ദേശീയപ്രസ്ഥാനപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി രംഗത്തിറങ്ങുന്നത്. ജന്മികുടുംബമായ ഏച്ചിക്കാനം തറവാട്ടില്‍ എ.സി. രാമന്‍നായരുടെയും കൊഴുണ്ണല്‍ ഉണ്ണാങ്ങ അമ്മയുടെയും മകനായി 1916-ല്‍ ആയിരുന്നു ജനനം.
കോണ്‍ഗ്രസും സോഷ്യലിസ്റ്റും പിന്നീട് അടിയുറച്ച കമ്യൂണിസ്റ്റുമായ മാധവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും കര്‍ഷകപ്രസ്ഥാനങ്ങള്‍ക്കു വേരോട്ടമുണ്ടാക്കുന്നതിലും നേതൃപരമായ പങ്ക് വഹിച്ചു. 15-ാം വയസില്‍ ജയില്‍വാസം അനുഭവിച്ച മാധവന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത സമീപനങ്ങള്‍ സ്വീകരിച്ച വ്യക്തിയാണ്. 1938-ല്‍ കമ്യൂണിസ്റ്റ് നേതാവ് കെ.പി.ആറിന്‍റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് നടന്ന കര്‍ഷകസമ്മേളനത്തില്‍ ത്രിവര്‍ണപതാകയ്ക്കു പകരം ചെങ്കൊടി ഉയര്‍ത്തണമെന്ന് ശഠിച്ചത് ഇദ്ദേഹമായിരുന്നു. ഈ സമ്മേളനത്തില്‍ കര്‍ഷകസംഘത്തിന്‍റെ കാസര്‍ഗോഡ് താലൂക്ക് സെക്രട്ടറിയായി.
മൂന്നു തവണ നിയമസഭയിലേക്കു മല്‍സരിച്ചെങ്കിലും വിജയിച്ചില്ല. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐക്കൊപ്പം നിലയുറപ്പിച്ചു. 1987-ല്‍ സി.പി.എമ്മില്‍ ചേര്‍ന്നെങ്കിലും 96-ല്‍ പാര്‍ട്ടി വിട്ടു. ആത്മകഥാ പുസ്തകമായ ഒരു ഗാന്ധിയന്‍ കമ്യൂണിസ്റ്റിന്‍റെ ഓര്‍മകള്‍ (പയസ്വിനിയുടെ തീരത്ത്), ഒരു ഗ്രാമത്തിന്‍റെ ഹൃദയത്തിലൂടെ, സഹപ്രവര്‍ത്തകരെക്കുറിച്ചുള്ള ഓര്‍മകളടങ്ങിയ കമ്യൂണിസ്റ്റ് സമരനായകര്‍ എന്നിവയുടെ കര്‍ത്താവാണ്.

NO COMMENTS

LEAVE A REPLY