കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ തുടരന്വേഷണം

182

തിരുവനന്തപുരം: കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ തുടരന്വേഷണം. വിജിലന്‍സ് എസ്.പി ആര്‍ സുകേശന്റെ ഹര്‍ജിയിലാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
ഇത് രണ്ടാം തവണയാണ് കേസില്‍ തുടരന്വേഷണം നടക്കാന്‍ പോകുന്നത്. അടച്ച ബാറുകള്‍ തുറക്കാന്‍ കെ.എം മാണിക്ക് ഒരു കോടി രൂപ കോഴ നല്‍കിയെന്ന ബാര്‍ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് ത്വരിതപരിശോധന നടത്തുകയും കെ.എം മാണിക്കെതിരെ കേസ് എടുക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്ന് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ എസ്.പി സുകേശനെ കേസ് അന്വേഷണം ഏല്‍പിച്ചു.
സുകേശന്‍ തന്നെ പുരസ്പര വിരുദ്ധമായ രണ്ട് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു.

ഇതില്‍ ഒന്ന് മാണിയെ പ്രതിയാക്കാമെന്നും മറ്റൊന്ന് മാണിയെ കുറ്റവിമുക്തനാക്കുന്നതുമായിരുന്നു. മാണിയെ കുറ്റവിമുക്തനാക്കിയ രണ്ടാമത്തെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത് അന്നത്തെ വിജിലന്‍സ് ഡയറക് ടര്‍ എന്‍.ശങ്കര്‍റെഡ്ഡി ഇടപെട്ട് കേസ് ഡയറിയില്‍ നിര്‍ബന്ധിച്ച്‌ കൃത്രിമം വരുത്തിയതിനാലാണെന്നും ചൂണ്ടിക്കാട്ടി സുകേശന്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അന്വേഷണം കൃത്യമായി പൂര്‍ത്തീകരിക്കാനും കഴിഞ്ഞില്ല. തെളിവുകള്‍ തിരസ്കരിച്ചു. ശങ്കര്‍ റെഡ്ഡിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് കൊടുക്കേണ്ടി വന്നതെന്ന വെളിപ്പെടുത്തലും സുകേശന്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. കെ.എം മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുതാ റിപ്പോര്‍ട്ട് ശങ്കര്‍ റെഡ്ഡി തള്ളിക്കളഞ്ഞുവെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു.
സുകേശന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വിജിലന്‍സ് ഡയറക് ടറായിരുന്ന ഉദ്യോഗസ്ഥന്‍ കേസ് അട്ടിമറിച്ചുവെന്ന അതീവഗുരുതരമായ ആരോപണം വിജിലന്‍സ് എസ്.പി തന്നെ ഹര്‍ജിയിലൂടെ ഉന്നയിച്ച സമാനതകളില്ലാത്ത നടപടിയാണ് ഇന്ന് കോടതി മുമ്ബാകെ വന്നത്.

NO COMMENTS

LEAVE A REPLY