മാണിക്കെതിരെ ലെഡ് പൗഡര്‍ യൂണിറ്റിന് വഴിവിട്ട സഹായംനല്‍കിയതിനു വിജിലന്‍സ് അന്വേഷണം

241

കോട്ടയം • ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലെഡ് ഓക്സൈഡ് (ലെഡ് പൗഡര്‍) ഉണ്ടാക്കുന്ന യൂണിറ്റിന് മുന്‍കാല പ്രാബല്യത്തോടെ നികുതി ഇളവുചെയ്ത് ഖജനാവിന് 1.66 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നുള്ള പരാതിയില്‍ മുന്‍മന്ത്രി കെ.എം.മാണിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.
കുറിച്ചിയിലെ സൂപ്പര്‍ പിഗ്മെന്‍സ് ഉടമ ബെന്നി ഏബ്രഹാമിന് വഴിവിട്ട് സഹായിച്ചതിലൂടെ 1.66 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടായതായി വിജിലന്‍സ് കോട്ടയം യൂണിറ്റ് ഡിവൈഎസ്പി എസ്.അശോക് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുത്ത് വിശദമായ അന്വേഷണം നടത്തുന്നത്.
സൂപ്പര്‍ പിഗ്മെന്‍സ് ഉടമ ബെന്നി ഏബ്രഹാമിനെയും കേസില്‍ പ്രതിചേര്‍ത്തു.ബാറ്ററികളിലേക്ക് ആവശ്യമായ ലെഡ് പൗഡര്‍ നിര്‍മിക്കുന്ന യൂണിറ്റിന് 2005 വരെ നാലു ശതമാനം നികുതിയാണ് ഉണ്ടായിരുന്നത്. പിന്നീട് 2005 ല്‍ മൂല്യവര്‍ധിത നികുതി(വാറ്റ്) വന്നതിനു ശേഷം ഇതിന്റെ നികുതി 12.5 ശതമാനമായി ഉയര്‍ത്തി. 2012-13 വര്‍ഷം ഇതിന്റെ നികുതി 13.5 ശതമാനമായി വര്‍ധിപ്പിച്ചു. എന്നാല്‍ 2015 വരെ ബെന്നി ഏബ്രഹാം കൂട്ടിയ നികുതി അടയ്ക്കാന്‍ തയാറായില്ല. 2005 നു ശേഷം അഞ്ചുശതമാനം നികുതി മാത്രമാണ് അടച്ചുവന്നത്.
കെ.എം.മാണി അവസാനമായി 2013-14 ല്‍ അവതിരിപ്പിച്ച ബജറ്റില്‍ സൂപ്പര്‍ പിഗ്മെന്സ് കമ്ബനിക്ക് നികുതി മുന്‍കാല പ്രാബല്യത്തോടെ അഞ്ചു ശതമാനമാക്കി കുറച്ചു. അനധികൃതമായി നികുതിയിളവ് നല്‍കിയതിലൂടെ ഖജനാവിന് 1.66 കോടി രൂപ നഷ്ടമുണ്ടാക്കിയതായി പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണം നടത്തുവാന്‍ തീരുമാനിച്ചതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു സമകാലിക മാസികയില്‍ ഇത് സംബന്ധിച്ച്‌ വന്ന ലേഖനത്തിന്റ അടിസ്ഥാനത്തില്‍ പാല സ്വദേശിയായ ജോര്‍ജ് സി. കാപ്പനാണ് വിജിലന്‍സിന് പരാതി നല്‍കിയത്.
സമൂഹവിവാഹം നടത്തിയതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ കെ.എം.മാണിക്കെതിരെ ത്വരിത പരിശോധനയ്ക്ക് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. 2014 ഒക്ടോബറില്‍ പാര്‍ട്ടി സുവര്‍ണ ജൂബിലിയോടനുബന്ധിച്ചാണ് കോട്ടയത്ത് സമൂഹവിവാഹം നടത്തിയത്. 150 വിവാഹങ്ങളാണ് നടത്തിയത്. ദമ്ബതികള്‍ക്ക് അഞ്ചു പവനും ഒന്നരലക്ഷം രൂപയും നല്‍കിയിരുന്നു. ബാര്‍ക്കോഴയില്‍നിന്നു ലഭിച്ച പണമാണ് സമൂഹവിവാഹത്തിന് ഉപയോഗിച്ചതെന്നാണ് ആരോപണം.