ക്രൈസ്തവ സഭാ വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

227

കോട്ടയം: ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകനും കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളുമായ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു. 85 വയസായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് ഭരണങ്ങാനത്തെ വീട്ടുവളപ്പില്‍ നടത്തും. കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തെ മുന്‍നിര്‍ത്തി, സഭാ-അധികാര ഘടനയെയും പൗരോഹിത്യത്തിന്റെ പ്രവര്‍ത്തനരീതികളെയും രൂക്ഷമായി വിമര്‍ശിച്ചിരുന്ന ജോസഫ് പുലിക്കുന്നേല്‍ ഓശാന എന്ന ആനുകാലികത്തിന്റെ സ്ഥാപകനും പത്രാധിപരുമായിരുന്നു. മലയാളത്തില്‍ ഒരു എക്യുമെനിക്കല്‍ ബൈബിളിന്റെ പ്രസിദ്ധീകരണത്തിന് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചു.

1932 ഏപ്രില്‍ 14നായിരുന്നു അദ്ദേഹത്തിന്റെ ജനനം. കോഴിക്കോട് ദേവഗിരി കോളെജില്‍ അദ്ധ്യാപകനായിരുന്നു. കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്ബറായും കെപിസിസി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെപിസിസി അംഗമായിരുന്ന പുലിക്കുന്നേല്‍, കോണ്‍ഗ്രസ് കക്ഷിയില്‍ നിന്നു വിഘടിച്ചുപോയവര്‍ ചേര്‍ന്ന് 1964ല്‍ രൂപം കൊടുത്ത കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയാണ്.
പ്രൈവറ്റ് കോളേജ് അധ്യാപകന്റെ സ്മരണകള്‍ (ആത്മകഥ), കൈരള ക്രൈസ്തവ ചരിത്രം- ചില വിയോജനക്കുറിപ്പുകള്‍, ഉദയംപേരൂര്‍ സുനഹദോസ്- ഒരു ചരിത്രവിചാരണ തുടങ്ങിയവ ജോസഫ് പുലിക്കുന്നേലിന്റെ കൃതികളാണ്.
കാവാലം മുണ്ടകപ്പള്ളിയില്‍ പരേതയായ കൊച്ചുറാണിയാണ് ഭാര്യ. മക്കള്‍ : റഷീമ, റീനിമ, പരേതയായ രാഗിമ, രാജു, രതിമ

NO COMMENTS