ജിയയുടെ മരണം ആത്മഹത്യയല്ലെന്നാണ് ബ്രിട്ടീഷ് ഫോറന്‍സിക് വിദഗ്ധര്‍

219

ബോളിവുഡ് നടി ജിയാ ഖാന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. ജിയയുടെ മരണം ആത്മഹത്യയല്ലെന്നാണ് ബ്രിട്ടീഷ് ഫോറന്‍സിക് വിദഗ്ധര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.ജിയയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് സൂരജ് പഞ്ചോളിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിരുന്നു. ആത്മഹത്യക്കുറിപ്പിന്റ അടിസ്ഥാനത്തിലാണ് സൂരജിനെ അറസ്റ്റുചെയ്തത്.ജിയയുടെ കഴുത്തിലും ശരീരത്തിലെ മറ്റു ഭാഗങ്ങളിലും കണ്ട പാടുകള്‍ കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജിയയെ കൊലപ്പെടുത്തിയ ശേഷം കയറില്‍ കെട്ടിത്തൂക്കിയതാകാനാണ് സാധ്യതയെന്ന് ഫോറന്‍സിക് വിദഗ്ധന്‍ ജാസണ്‍ പെയോണ്‍ ജയിംസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.ജിയയുടെ മരണം ആത്മഹത്യ തന്നെയാണെന്നാണ് കേസ് കൈകാര്യം ചെയ്തിരുന്ന സിബിഐ സംഘം ബോംബെ ഹൈക്കോടതിയില്‍ കഴിഞ്ഞ മാസം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതെ തുടര്‍ന്നാണ് ജിയയുടെ അമ്മ റാബിയാ ഖാന്‍ വിദേശ ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടുന്നത്. ഇവരുടെ റിപ്പോര്‍ട്ട് റാബിയാ മുംബൈയിലെ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.
2013 ജൂണ്‍ മൂന്നിനാണ് മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ ജിയാ ഖാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY