ജിഷവധക്കേസ് : സര്‍ക്കാരിനെയും പോലീസിനെയും വെട്ടിലാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്

186

തിരുവനന്തപുരം: ജിഷ വധകേസന്വേഷണത്തില്‍ സര്‍ക്കാരിനെയും പോലീസിനെയും വെട്ടിലാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്. അന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. അമീര്‍ മാത്രമാണോ ജിഷ കൊലപാതകത്തില്‍ പ്രതിയെന്ന് ഉറപ്പില്ല. അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. കേസന്വേഷണം തുടക്കംമുതല്‍ പാളിയെന്ന് വ്യക്തമാക്കുന്ന 16 പേജുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. എന്നാല്‍ വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബഹ്‌റ തളളി. വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട്അ നാവശ്യ ഇടപെടലെന്ന് ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ വിമര്‍ശനവുമായി അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി. സന്ധ്യയും രംഗത്തെത്തി. ജിഷ വധത്തില്‍ അമീറുള്‍ ഉസ്ലാമിനെ മുഖ്യപ്രതിയാക്കി പോലീസ് സമര്‍പ്പിച്ച എഫ്‌ഐആറിനെ സംശയത്തില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സിന്റേത്. ഇത് പോലീസിനെയും സര്‍ക്കാരിനെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്.

ജിഷവധക്കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്ന ആരോപണം നേരിടുമ്പോഴാണ് ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് തൊട്ട് പിന്നാലെ അമീറുള്‍ ഇസ്ലാമിനെ പോലീസ് പിടികൂടുന്നത്. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യ നേട്ടമായും ജിഷ വധക്കേസിലെ പ്രതിയെ പിടികൂടിയത് ഘോഷിക്കപ്പെട്ടിരുന്നു. ഇതിനെല്ലാം തിരിച്ചടിയായിരിക്കുകയാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ ഏജന്‍സിയായ വിജിലന്‍സ് തന്നെ ജിഷ വധക്കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ഇത് പ്രതി അമീറുള്‍ ഇസ്ലാമിന് രക്ഷപ്പെടാനുള്ള കച്ചിത്തുരുമ്പാകും. അമീറിന്റെ അഭിഭാഷകന്‍ അഡ്വ. ബി ആളൂരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ സാഹചര്യത്തില്‍ കേസിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY