ജിയോയ്ക്ക് എതിരെ എയര്‍ടെലും വോഡഫോണും ട്രായിക്ക് പരാതി നല്‍കി

198

ന്യൂഡല്‍ഹി • ടെലികോം മേഖലയിലെ പുതിയ സേവനദാതാവായ റിലയന്‍സ് ജിയോ നിരക്ക് സംബന്ധിച്ച ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയുമായി ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ തുടങ്ങിയ കമ്ബനികള്‍ ട്രായിയെ സമീപിച്ചു. ട്രായ് ചെയര്‍മാന്‍ പരാതി കേട്ടുവെന്നും പ്രശ്നം പരിശോധിച്ചുവരികയാണെന്നും ഇവര്‍ പറഞ്ഞു. ഇതോടെ ജിയോയും മറ്റ് ടെലികോം കമ്ബനികളുമായുള്ള തര്‍ക്കം പുതിയ തലത്തിലേക്കു കടന്നു.നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി സംബന്ധിച്ച്‌ റിലയന്‍സ് ജിയോ എയര്‍ടെല്‍, വൊഡാഫോണ്‍ കമ്ബനികളുമായി തര്‍ക്കത്തിലാണ്. തങ്ങളുടെ ഉപയോക്താക്കള്‍ക്ക് കോള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ പോയിന്റ്സ് ഓഫ് ഇന്റര്‍ കണക്ഷന്‍ (പിഒഐ) എയര്‍ടെലും വൊഡാഫോണും നിഷേധിക്കുന്നുവെന്നാണ് ജിയോയുടെ പരാതി.ആവശ്യത്തിന് പിഒഐ ലഭിച്ചാല്‍ മാത്രമേ ഒരു സേവനദാതാവിന് മറ്റൊരു സേവനദാതാവിന്റെ കണക്ഷനിലേക്കുള്ള കോളുകള്‍ പൂര്‍ത്തീകരിക്കാനാകൂ. ഇതു ലഭിക്കാത്തതിനാല്‍ തങ്ങളുടെ മികച്ച ശബ്ദ സാങ്കേതിക വിദ്യ ഉപയോക്താക്കള്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്ന് ജിയോ പരാതിപ്പെട്ടു.എന്നാല്‍ തങ്ങളുടെ നെറ്റ്വര്‍ക്കുകളിലേക്ക് സൗജന്യ കോളുകളുടെ സൂനാമി അഴിച്ചുവിടുകയാണ് ജിയോ ചെയ്യുന്നതെന്ന് എയര്‍ടെലും വോഡഫോണും കുറ്റപ്പെടുത്തുന്നു.