ജിഗ‌്നേഷ‌് മേവാനി എംഎല്‍എ മുഖ്യാതിഥിയായ പരിപാടിയിൽ എച്ച്‌കെ ആര്‍ട്‌സ് കോളേജ് അധികൃതര്‍ അനുമതി നിഷേധിച്ചു ; കോളേജ് പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും രാജിവച്ചു.

168

ന്യൂഡല്‍ഹി : ദളിത‌് നേതാവും എംഎല്‍യുമായ ജിഗ‌്നേഷ‌് മേവാനി മുഖ്യാതിഥിയായ പരിപാടിക്ക് അഹമ്മദാബാദിലെ എച്ച്‌കെ ആര്‍ട്‌സ് കോളേജ് അധികൃതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും രാജിവച്ചു. പ്രിന്‍സിപ്പല്‍ ഹേമന്ത് കുമാര്‍ ഷായും വൈസ് പ്രിന്‍സിപ്പല്‍ മോഹന്‍ഭായ് പാര്‍മറും കോളേജ് മാനേജ്‌മെന്റ് ആയ ബ്രഹ്മചാരി വാദി ട്രസ്റ്റിന് രാജി നല്‍കി. ഒരു രാഷ‌്ട്രീയ പാര്‍ടിയുടെ ഭീഷണിക്ക‌് വഴങ്ങി ട്രസ‌്റ്റ‌് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഹനിച്ചെന്ന‌് ചൂണ്ടിക്കാട്ടിയാണ‌് ഹേമന്ത് കുമാര്‍ ഷാ രാജി നല്‍കിയത‌്.

ഭീഷണിയുടെ പേരില്‍ അഭിപ്രായ സ്വാതന്ത്ര്യം അടിയറവു വയ‌്ക്കുന്നത‌് അപമാനമാണെന്ന‌് അദ്ദേഹം രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി. ബിജെപിയുടെ ഭീഷണിയെ തുടര്‍ന്ന‌് ക്യാമ്ബസില്‍ പരിപാടി നടത്തുന്നത‌് ട്രസ‌്റ്റ‌് വിലക്കുകയായിരുന്നു. കോളേജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ മേവാനിയെ വാര്‍ഷിക പരിപാടിക്ക‌് മുഖ്യാതിഥിയായാണ‌് ക്ഷണിച്ചിരുന്നത‌്. അംബേദ്കറുടെ ജീവിതവും ദൗത്യവും എന്ന വിഷയത്തില്‍ സംസാരിക്കാനാണ് മേവാനിയെ ക്ഷണിച്ചത്. ബിജെപി അക്രമികളുടെ ഭീഷണിമൂലമാണ് പരിപാടി റദ്ദാക്കിയതെന്ന‌് മേവാനി പറഞ്ഞു.

ബിജെപിയുടെയും എബിവിപിയുടെയും അക്രമങ്ങള്‍ക്കെതിരെ നില്‍ക്കാന്‍ പത്മ അവാര്‍ഡ‌് ജേതാക്കളടങ്ങുന്ന ട്രസ‌്റ്റ‌് തയ്യാറാകുന്നില്ല. ഇത‌് അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും അപമാനമാണ‌്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ നിരവധി ആള്‍ക്കാര്‍ നട്ടെല്ലില്ലാത്തവരായിമാറി. നിര്‍ഭാഗ്യമെന്നുപറയട്ടെ ഈ കോളേജ‌് ട്രസ്‌റ്റിന്റെ ഭാരവാഹികളും ആ വിഭാഗത്തില്‍ ഉള്‍പ്പെട്ടു എന്ന‌് മേവാനി ട്വീറ്റ‌് ചെയ‌്തു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഓഡിറ്റോറിയം ഈ പരിപാടിക്ക് വിട്ടുനല്‍കാനാവില്ല എന്നാണ് മാനേജ്‌മെന്റ് അറിയിച്ചത്. വിവിധ രാഷ‌്ട്രീയ പാര്‍ടികളുടെ നേതാക്കളെ കോളേജിലെ പരിപാടിയില്‍ പങ്കെടുപ്പിച്ചിട്ടുണ്ടെന്നും മേവാനിയെ വിളിച്ചത‌് തെറ്റല്ലെന്നും ഹേമന്ത് കുമാര്‍ ഷാ രാജി കത്തില്‍ പറഞ്ഞു. നിലവിലെ രാഷ‌്ട്രീയ സാഹചര്യത്തില്‍ ചിന്തിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും ഭരണഘടന നല്‍കുന്ന അവകാശം അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്ന‌് അദ്ദേഹം പറഞ്ഞു.

പത്മശ്രീ പുരസ്‌കാര ജേതാക്കളായ പ്രമുഖ ആര്‍ക്കിടെക‌്ട‌് ബാലകൃഷ്ണ ദോഷി, കുമാര്‍പാല്‍ ദേശായ്, ജ്ഞാനപീഠ ജേതാവായ എഴുത്തുകാരന്‍ രഘുവീര്‍ ചൗധരി തുടങ്ങിയവരുള്ളതാണ‌് ട്രസ‌്റ്റ‌്.

NO COMMENTS