നിയമസഭയില്‍ ജയലളിതയുടെ പേരുചൊല്ലി വിളിക്കാനാവില്ലെന്ന് സ്പീക്കറുടെ റൂളിംഗ്

191

ചെന്നൈ: ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് പലരും ചോദിക്കും. എന്നാല്‍ തമിഴ്നാട്ടില്‍ പേരിനെച്ചൊല്ലിയുളള പോര് നിമയസഭയിലെത്തി. ഒടുവില്‍ മുഖ്യമന്ത്രി ജയലളിതയെ പേര് ചൊല്ലി വിളിക്കാനാവില്ലെന്ന സ്പീക്കറുടെ റൂളിംഗ് കൂടി വന്നതോടെ പ്രതിപക്ഷമായ ഡിഎംകെ അംഗങ്ങള്‍ നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
ബജറ്റ് ചര്‍ച്ചയ്ക്കിടെ എഐഎഡിഎംകെയുടെ തിരുത്തനി എംഎല്‍എ ആയ പിഎം നരസിമ്മന്‍ മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ പേര് ചൊല്ലി വിളിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. കരുണാനിധിയുടെ പേര് പറഞ്ഞ് അഭിസംബോധന ചെയ്യുന്നതിനെതിരെ ഡിഎംകെ അംഗങ്ങള്‍ ബഹളം വെച്ചു. എന്നാല്‍ മുന്‍ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് അഭിസംബോധന ചെയ്യുന്നതില്‍ തെറ്റൊന്നുമില്ലെന്ന് സ്പീക്കര്‍ പി ധനപാല്‍ റൂളിംഗ് നല്‍കി.
അങ്ങനെയെങ്കില്‍ ജയലളിതെ പേര് ചൊല്ലി അഭിസംബോധന ചെയ്യാന്‍ പറ്റുമോ എന്നായി ഡിഎംകെ അംഗങ്ങളുടെ ചോദ്യം. എന്നാല്‍ മുഖ്യമന്ത്രിയെ അങ്ങനെ വിളിക്കരുതെന്നും ഇത് തന്റെ ഉത്തരവാണെന്നും സ്പീക്കര്‍ റൂളിംഗ് ഇറക്കിയതോടെ പ്രകോപിതരായ ഡിഎംകെ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു. എംഎല്‍എമാരെ പേര് ചൊല്ലി വിളിക്കരുതെന്ന് നിയമമില്ലെന്നും അതിനാല്‍തന്നെ സ്പീക്കറുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്‍ മാധ്യമങ്ങളോട് പറഞ്ഞു.