ജയലളിതയുടെ ആരോഗ്യനില അന്വേഷിച്ച്‌ മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

176

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച്‌ യഥാര്‍ത്ഥ വസ്തുത വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. ജയയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അവര്‍ മന്ത്രിമാരുമായി നടത്തിയെന്ന് പറയപ്പെടുന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പുറത്ത് വിടണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.സാമൂഹ്യപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയാണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതി ഹര്‍ജി, ഫയലില്‍ സ്വീകരിച്ചു. തമിഴ്നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ജയയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചുവെങ്കിലും വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു.ഹര്‍ജി നാളെ പരിഗണിക്കും.ജയയെ പ്രവേശിപ്പിച്ചിരിക്കുന്ന അപ്പോളോ ആശുപത്രിയിലേക്കുള്ള വഴി പോലീസ് ബ്ലോക്ക് ചെയ്തിരിക്കുന്നതിനാല്‍ മറ്റ് രോഗികള്‍ക്ക് ആശുപത്രിയില്‍ എത്താനാകുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.