ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് തമിഴ്നാട് ഗവര്‍ണര്‍

190

ചെന്നൈ• തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് തമിഴ്നാട് ഗവര്‍ണര്‍. രോഗം ഭേദമായി വരുകയാണ്. ജയലളിതയെ തമിഴ്നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു സന്ദര്‍ശിച്ചു. ജയയെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരുമായി വിദ്യാസാഗര്‍ റാവു ആശയവിനിമയം നടത്തിയെന്നും തമിഴ്നാട് ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു.ആശുപത്രിയില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു. ജയലളിതയെ ചികില്‍സിക്കാന്‍ ലണ്ടന്‍ ബ്രിഡ്ജ് ആശുപത്രിയിലെ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെലെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായത്.അതിനൊപ്പം ആശുപത്രി അധികൃതര്‍ ഇന്നലെ മെഡിക്കല്‍ ബുള്ളറ്റില്‍ പുറത്തിറക്കാതിരുന്നതും ആശങ്ക വര്‍ധിക്കാന്‍ കാരണമായി. എന്നാല്‍, ഇത്തരം ആശങ്കകള്‍ക്കൊന്നും പ്രസക്തിയില്ലെന്നാണ് ഗവര്‍ണറുടെ കുറിപ്പിലൂടെ വ്യക്തമാകുന്നത്.അതേസമയം, ജയലളിതയ്ക്ക് ലഭിക്കുന്നത് വിദഗ്ധ ഡോക്ടര്‍മാരുടെ ചികില്‍സയാണെന്നും കുറച്ചുദിവസങ്ങള്‍ ബെലെ ഇവിടെ തുടരുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ശ്വസനേന്ദ്രിയങ്ങളില്‍ ഉണ്ടാകുന്ന തകരാറുകളെ കുറിച്ചു ഗവേഷണം നടത്തുന്നയാളാണ് ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെലെ. സെപ്റ്റംബര്‍ 22നാണു പനിയും നിര്‍ജലീകരണവും മൂലം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിന് ആളുകളാണ് അപ്പോളോ ആശുപത്രിക്കു പുറത്തു തടിച്ചുകൂടിയിരിക്കുന്നത്. അമ്മയ്ക്കു സുഖമാകുന്നതുവരെ ഇവിടെ തുടരുമെന്ന് ഇവരില്‍ പലരും വ്യക്തമാക്കി.