കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

183

ജമ്മുകശ്‍മീല്‍ ജനവിശ്വാസം ആര്‍ജ്ജിക്കാനുള്ള നടപടികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും വിശാല ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ അറിയിച്ചു. കശ്‍മീരിലെ സ്ഥിതി വഷളാക്കുന്നത് പാകിസ്ഥാനാണെന്ന് മെഹബൂബ കുറ്റപ്പെടുത്തി. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് പാക് അധിനിവേശ കശ്‍മീരിലെ പാക് വിരുദ്ധ നേതാക്കളെ ക്ഷണിക്കാന്‍ ഇന്ത്യ നീക്കം തുടങ്ങി.
കശ്‍മീര്‍ വിഷയം പരിഹരിക്കാന്‍ മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയി തുടങ്ങി വെച്ച നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. കശ്‍മീരിലെ സ്ഥിതിയില്‍ ആശങ്ക രേഖപ്പെടുത്തിയ നരേന്ദ്രമോദി വിശാല ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി. വെറും അഞ്ചു ശതമാനം അക്രമികളാണ് കുട്ടികളെ തെരുവില്‍ ഇറക്കുന്നതെന്ന് മെഹബൂബ കുറ്റപ്പെടുത്തി. ചര്‍ച്ചയുമായി സഹകരിക്കണോ എന്ന് വിഘടന വാദികള്‍ക്ക് തീരുമാനിക്കാം. പാകിസ്ഥാന് കൈ കൊടുക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്ത് ജമ്മു-കശ്‍മീര്‍ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനെ അപമാനിച്ചതിന് പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
കശ്‍മീരിലെ സംഘര്‍ഷം തുടങ്ങി 50 ദിവസമാകുമ്പോള്‍ മരണ സംഖ്യ 70 ആയി ഉയര്‍ന്നു. ഇന്ന് പുല്‍വാമയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തി. വിഘടനവാദി നേതാക്കളെ തടവിലാക്കി. മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ അറസ്റ്റു ചെയ്ത് സബ്ജയിലിലേക്ക് മാറ്റി. പത്തു ദിവസത്തിനകം സര്‍വ്വകക്ഷി സംഘം കശ്‍മീരിലേക്ക് പോകുമെന്നാണ് സൂചന. ഇതിനിടെ പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുക എന്ന ലക്ഷ്യവുമായി പാക് അധിനിവേശ കശ്‍മീരിലെ ചില നേതാക്കളെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് വിളിക്കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്.