മറീന ബീച്ചില്‍ നിന്ന് ജല്ലിക്കട്ട് സമരക്കാരെ പൊലീസ് ഒഴിപ്പിക്കുന്നു

298

ചെന്നൈ: ചെന്നൈ മറീന ബീച്ചില്‍ നിന്ന് ജല്ലിക്കട്ട് സമരക്കാരെ പൊലീസ് ഒഴിപ്പിക്കുന്നു. വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് മറീന ബീച്ചില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് സമരക്കാരെ പോലീസ് ഒഴിപ്പിക്കുന്നത്. പൊലീസ് നടപടിയ്ക്കെതിരെ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണിപ്പോള്‍.
വിദ്യാര്‍ഥികളെ പൊലീസ് ബലംപ്രയോഗിച്ചാണ് വാഹനങ്ങളില്‍ കയറ്റുന്നത്. സമരം വിജയിച്ചതിനാല്‍ ഒഴിഞ്ഞുപോകണമെന്ന് പൊലീസ് സമരക്കാരോട് അഭ്യര്‍ഥിച്ചു. എന്നാല്‍ പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിച്ചാല്‍ കടലില്‍ ചാടുമെന്ന് ഒരുവിഭാഗം സമരക്കാര്‍ നിലപാടെടുത്തത് പോലീസിന് തലവേദനയായിട്ടുണ്ട്. കടല്‍ തീരത്തിനടുത്ത് കൈകോർത്ത് നിന്നാണ് സമരക്കാര്‍ പോലീസ് നടപടിക്കെതിരെ പ്രതിരോധം തീര്‍ത്തിരിക്കുന്നത്. പൊലീസ് വന്നാൽ കടലിൽ ചാടുമെന്ന് ഭീഷണി. മറീന ബീച്ചിലേക്കെത്താനുള്ള വഴികളെല്ലാം പോലീസ് അടച്ചു. ദിണ്ടിഗല്ലിലും കൃഷ്ണഗിരിയിലും ജല്ലിക്കെട്ട് സമരക്കാരെ പോലീസ് ഒഴിപ്പിക്കുന്നുണ്ട്.
ജല്ലിക്കട്ട് പ്രക്ഷോഭം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സമരക്കാര്‍ക്കിടയില്‍ ഭിന്നത ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്ഥിര നിയമനിര്‍മ്മാണമില്ലാതെ സമരം പിന്‍വലിക്കില്ലെന്ന് ഒരു വിഭാഗം പറയുമ്പോള്‍ മാര്‍ച്ച് 31 വരെ സമരം നിര്‍ത്തിവക്കുകയാണെന്ന് മറ്റൊരു വിഭാഗം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് പോലീസ് നടപടി.ഇന്ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തില്‍ ജല്ലിക്കട്ട് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ബില്ലായി അവതരിപ്പിക്കും.

NO COMMENTS

LEAVE A REPLY