ഇത് നീ എഴുതിയതല്ലേ ? സത്യം പറ………….

61

ഇത് നീ എഴുതിയതല്ലേ ? സത്യം പറ. ഏഴു പ്രണയ ലേഖനങ്ങൾ കയ്യില്‍ പിടിച്ചുകൊണ്ടവൾ ചോദിച്ചു. അവളും അവളുടെ കൂട്ടുകാരികളും എന്റെ അടുത്ത്‌ വന്ന് കൂട്ടം കൂടിയിരുന്നു അട്ടഹസിച്ചു ചിരിക്കുന്നു.

പ്രീഡിഗ്രി രണ്ടാവർഷമായിരുന്നു അത് .ഞാനൊഴികെയുള്ള എന്റെ എല്ലാ സുഹൃത്തുക്കൾക്കും അന്ന് പ്രണയമുണ്ടായിരുന്നു .എവിടെ നോക്കിയിരുന്നാലും പ്രണയം . പ്രണയം തന്നെ. അങ്ങനെ ഞാൻ എഴുതി തുടങ്ങി പ്രണയലേഖനം .അതിലൊന്ന് കയ്യോടെ പൊക്കിയതാണവൾ . എന്നിട്ട് എന്നോടവൾ ആവർത്തിച്ചു ചോദിച്ചു .സത്യം പറ. ഇത് നീ എഴുതിയതല്ലേ ?

എന്‍റെ കണ്ണില്‍ ഇരുട്ട് നിറയുന്നത് പോലെ തോന്നി..കാരണം ഞാന്‍ ആര്‍ക്കൊകെയോ എഴുതി കൊടുത്ത പ്രണയലേഖനങ്ങള്‍ ആയിരുന്നു അത്. കൊടുക്കുന്ന ആളുടെ പേര് മാത്രമേ വേറെ ഉള്ളു..വിഷയം ഒന്നായിരുന്നു…എന്നാലും അല്ലെന്നു പറയാന്‍ നാവു പൊങ്ങിയില്ല . അവളുടെ കൂട്ടുകാരികളില്‍ ഒരാള്‍ എന്‍റെ കയ്യക്ഷരം തെളിയിച്ചുകൊണ്ടുള്ള നോട്ട്ബുക്ക് ഉയര്‍ത്തി കാട്ടി..പിന്നെ സമ്മതിക്കുക അല്ലാതെ വേറെ മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല.അതെന്‍റെ അവസാനത്തെ പ്രേമലേഖനമായിരുന്നു.

എന്നാല്‍ പ്രണയം മരിക്കുന്ന ദുരവസ്ഥ ചിലരുടെ ജീവിതത്തിലുണ്ടാകും. അതൊരു വലിയ ദുരന്തമാണ്. പിന്നീടുള്ള നാളുകള്‍ കലഹത്തിന്റെയും വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും നാളുകളായിരിക്കും.
വർഷങ്ങളോളം പ്രണയിച്ചു പിന്നെ വിവാഹം കഴിച്ചു ജീവിക്കുന്നവർ ,പിന്നെ ചിലർ ദാമ്പത്യം പരാജയപ്പെട്ടവർ . അവർ എപ്പോഴും ഒരുമിച്ചാണ് .എന്നാലവർ രണ്ടു മനസുകളും രണ്ടു ശരീരവുമായി ജീവിക്കുന്നവർ .എന്നാൽ അപൂർവ്വം ചിലർ ആസ്വദിച്ചു ജീവിക്കുന്നവരും .പ്രണയസ്വപ്നങ്ങളും ജീവിത യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള അന്തരം പലരുടെയും ദാമ്പത്യബന്ധങ്ങളെ തകിടം മറിച്ചിട്ടുണ്ട്.

പ്രണയം ആദര്‍ശങ്ങളുടെയും സ്വപ്നങ്ങളുടെയും ലോകത്താണെങ്കില്‍ ജീവിതം പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും നടുവിലാണ്.അത്തരം കഠിനകാലത്ത് ചിലപ്പോള്‍ ഒരുമിച്ച് ജീവിക്കുന്നതിനേക്കാള്‍ അഭികാമ്യം വേര്‍പിരിയുന്നതായിരിക്കും. പക്ഷേ, പ്രണയവും വിവാഹവും പോലെ എടുത്തുചാട്ടമാകരുത് വേർപിരിയൽ

പ്രണയം…പ്രണയ ലേഖനം…എന്നൊക്കെ കേള്‍ക്കുമ്പോള്‍ എക്കാലത്തും മനസിന്‌ നല്ല സുഖമാണ് . ജീവിതത്തില്‍ പ്രണയിക്കാത്തവരും, പ്രണയ ലേഖനം എഴുതാത്തവരും അന്നത്തെ എന്റെ പ്രീഡിഗ്രി കാലത്ത് ഒരു പക്ഷെ കുറവാണ് എന്ന് തന്നെ പറയാം. പ്രണയം അതിന്റെ ആഴങ്ങളിലേക്കെ ത്തുമ്പോൾ ചിലപ്പോ അത് സമ്മാനിക്കുന്നത് വേദനയാവാം. ചിലപ്പോളത് മധുരമുള്ള സ്വപ്നങ്ങളാവാം.

നിന്നെ ഞാൻ പ്രണയിക്കുന്നു എന്നതിനേക്കാൾ എനിക്കിഷ്ട്ടം നിന്നെ ഞാൻ പ്രണയിച്ചിരുന്നു എന്നു പറയുന്നതാണ് . വർഷങ്ങൾക്ക് ശേഷം കേൾക്കുമ്പോൾ അവളുടെ ഒരു പുഞ്ചിരി …. എനിക്കത് മതി ..

സലീം

NO COMMENTS