കടല്‍ക്കൊലക്കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

191

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരില്‍ ഒരാളുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍. ഇറ്റലിയില്‍ തങ്ങുന്നതിന് അനുവദിച്ച കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് മസിമിലിയാനോ ലത്തോറെ സമര്‍പ്പിച്ച ഹര്‍ജിയാണ് പരിഗണിക്കുക. ലത്തോറെയുടെ ജാമ്യവ്യവസ്ഥയില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് ഇറ്റലി കഴിഞ്ഞയാഴ്ച പുതിയ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നാവികരുടെ വിചാരണ ഏതു രാജ്യത്ത് നടത്തണമെന്നതില്‍ രാജ്യാന്തര ട്രൈബ്യൂണലിന്‍റെ തീരുമാനം വരുന്നതുവരെ ലത്തോറെയെ ഇറ്റലിയില്‍ കഴിയാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.ജസ്റ്റീസ് എ.ആര്‍ ദവേ, ജസ്റ്റീസ് എന്‍.നാഗേശ്വര്‍ റാവു എന്നിവരുടെ ബഞ്ചിലായിരിക്കും ഹര്‍ജി പരിഗണിക്കുക.കേസിലെ മറ്റൊരു പ്രതിയായ സാല്‍വത്തോറെ ഗിറോണിന് അനുവദിച്ച ജാമ്യ വ്യവസ്ഥ തനിക്കും ബാധകമാക്കണമെന്നാണ് ലത്തോറെയുടെ ആവശ്യം. ലത്തോറെയ്ക്ക് കോടതി അനുവദിച്ച ജാമ്യകാലാവധി ഈ മാസം 30ന് അവസാനിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് എത്രയും വേഗം ഹര്‍ജി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.2012 ഫെബ്രുവരി 15നാണ് കേരള തീരത്തുകൂടെ സഞ്ചരിച്ച ഇറ്റാലിയന്‍ ചരക്ക് കപ്പ് എന്‍റിക ലെക്സിയില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കേ 2014 ഓഗസ്റ്റ് 31ന് മസ്തിഷ്കാഘാതം സംഭവിച്ച ലത്തോറെയെ ചികിത്സയ്ക്കായി നാലു മാസം നാട്ടില്‍ പോകാന്‍ 2014 സെപ്തംബര്‍ 12ന് കോടതി അനുവദിച്ചത്. പിന്നീട് ജാമ്യം നീട്ടി നല്‍കുകയായിരുന്നു. കൂട്ടുപ്രതിയായ ഗിറോണിനെ മേയ് 26നാണ് നാട്ടില്‍ പോകാന്‍ കോടതി അനുവദിച്ചത്.

NO COMMENTS

LEAVE A REPLY