ജിസാറ്റ് 18 വിജയകരമായി വിക്ഷേപിച്ചു

247

കയെനി: ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ് -18 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച ഗയാനയില്‍ വച്ചു വ്യാഴാഴ്ച്ച പുലര്‍ച്ചെ നടന്ന വിക്ഷേപണത്തില്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഏരിയാന്‍ – അഞ്ച് റോക്കറ്റിന്റെ സഹായത്തോടെയാണ് ജിസാറ്റിനെ ഭ്രമണപഥത്തിലെത്തിച്ചത്.നേരത്തെ ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ നടത്താനിരുന്ന വിക്ഷേപണം കനത്ത കാറ്റ് മൂലം ഒരു ദിവസം നീട്ടിവയ്ക്കുകയായിരുന്നു. ഐഎസ്‌ആര്‍ഒ ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് ജിസാറ്റ്-18.
3404 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ മൊത്തംഭാരം.
ഇന്ത്യന്‍ വിക്ഷേപണവാഹനമായ പി.എസ്.എല്‍.വിക്ക് വഹിക്കാവുന്നതിലും ഭാരമേറിയതിനാലാണ് ഉപഗ്രഹം ബഹിരാകാശത്തെത്തിക്കാന്‍ ഐഎസ്‌ആര്‍ഒ വിദേശ ഏജന്‍സിയുടെ സഹായം തേടിയത്.
ലോകത്തിലെ ഏറ്റവും വലിപ്പമേറിയ, ഉപഗ്രഹവിക്ഷേപണ വാഹിനിയാണ് യൂറോപ്യന്‍ സ്പേസ് എജന്‍സിയുടെ ഏരിയാന്‍ – 5 റോക്കറ്റ്. ഓസ്ട്രേലിയന്‍ നാഷണല്‍ ബ്രോഡ്ബാന്റ് നെറ്റ് വര്‍ക്കിനുവേണ്ടി മറ്റൊരു ഉപഗ്രഹവിക്ഷേപണവും കൂടി ഇതോടൊപ്പം ഏരിയാന്‍ നടത്തിയിട്ടുണ്ട്.
48 ട്രാന്‍സ്പോണ്ടറുകളുള്ള ജിസാറ്റ് 18 ഭൂമിയിലേക്ക് കൂടുതല്‍ വിസ്തൃതിയില്‍ തരംഗങ്ങള്‍ അയക്കാന്‍ ശേഷിയുള്ളതാണ്. ബാങ്കിങ്, ടെലിവിഷന്‍, ടെലികമ്യൂണിക്കേഷന്‍, ബ്രോഡ്ബാന്‍ഡ് തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാന്‍ ഈ ഉപഗ്രഹത്തിലൂടെ സാധ്യമാകും എന്ന് ഐ.എസ്.ആര്‍.ഒ വിശദീകരിക്കുന്നു.
ഇന്ത്യന്‍ റോക്കറ്റ് ഉപയോഗിച്ച്‌ നടത്തുന്ന വിക്ഷേപണത്തിലും ഇരട്ടി തുകയാണ് വിദേശരാജ്യത്തെ ആശ്രയിക്കുന്നതിലൂടെ ഐ.എസ്.ആര്‍.ഒയ്ക്ക് മുടക്കേണ്ടിവരിക. ഐ.എസ്.ആര്‍.ഒയുടെ അടുത്ത വര്‍ഷത്തെ പദ്ധതിയായ ജിസാറ്റ് – 17 ഉം ഏരിയാന്‍ – 5 ഉപയോഗിച്ച്‌ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.ഭാരമേറിയ ഉപഗ്രഹങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ജി.എസ്.എല്‍.വി. എം.കെ. 3 നിര്‍മാണത്തിലാണ്. 2017 ഓടെ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

NO COMMENTS

LEAVE A REPLY