ജിസാറ്റ് ഉപഗ്രഹ വിക്ഷേപണം മാറ്റിവെച്ചു

264

കയെനി: ഫ്രഞ്ച് ഗയാനയില്‍ ഒക്ടോബര്‍ അഞ്ച് പുലര്‍ച്ചെ നടത്താനിരുന്ന ഐ.എസ്.ആര്‍.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹവിക്ഷേപണം മാറ്റിവെച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയ്ക്ക് നടത്താനിരുന്ന, 3404 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് – 18 ഉപഗ്രഹവിക്ഷേപണം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നാളത്തേയ്ക്കു മാറ്റുകയായിരുന്നു.
ഇന്ത്യന്‍ വിക്ഷേപണവാഹനമായ പി.എസ്.എല്‍.വിക്ക് വഹിക്കാവുന്നതിലും ഭാരമേറിയതിനാലാണ് വിദേശ ഏജന്‍സിയുടെ സഹായം തേടിയിരിക്കുന്നത്.ലോകത്തിലെ ഏറ്റവും വലിപ്പമേറിയ, യൂറോപ്യന്‍ ഉപഗ്രഹവിക്ഷേപണ വാഹിനിയായ ഏരിയാന്‍ – 5 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്.ഓസ്ട്രേലിയന്‍ നാഷണല്‍ ബ്രോഡ്ബാന്റ് നെറ്റ് വര്‍ക്കിനുവേണ്ടി മറ്റൊരു ഉപഗ്രഹവിക്ഷേപണവും ഇതോടൊപ്പം നടക്കും.48 ട്രാന്‍സ്പോണ്ടറുകളുള്ള ജിസാറ്റ് 18 ഭൂമിയിലേക്ക് കൂടുതല്‍ വിസ്തൃതിയില്‍ തരംഗങ്ങള്‍ അയക്കാന്‍ ശേഷിയുള്ളതാണ്. ബാങ്കിങ്, ടെലിവിഷന്‍, ടെലികമ്യൂണിക്കേഷന്‍, ബ്രോഡ്ബാന്‍ഡ് തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാന്‍ ഈ ഉപഗ്രഹത്തിലൂടെ സാധ്യമാകും എന്ന് ഐ.എസ്.ആര്‍.ഒ വിശദീകരിക്കുന്നു.
ഇന്ത്യന്‍ റോക്കറ്റ് ഉപയോഗിച്ച്‌ നടത്തുന്ന വിക്ഷേപണത്തിലും ഇരട്ടി തുകയാണ് വിദേശരാജ്യത്തെ ആശ്രയിക്കുന്നതിലൂടെ ഐ.എസ്.ആര്‍.ഒയ്ക്ക് മുടക്കേണ്ടിവരിക. ഐ.എസ്.ആര്‍.ഒയുടെ അടുത്ത വര്‍ഷത്തെ പദ്ധതിയായ ജിസാറ്റ് – 17 ഉം ഏരിയാന്‍ – 5 ഉപയോഗിച്ച്‌ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.ഭാരമേറിയ ഉപഗ്രഹങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ജി.എസ്.എല്‍.വി. എം.കെ. 3 നിര്‍മാണത്തിലാണ്. 2017 ഓടെ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.