ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 17 വിജയകരമായി വിക്ഷേപിച്ചു

276

ബെംഗളൂരു: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 17 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയില്‍ നിന്ന് പുലര്‍ച്ചെയാണ് 3477 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെയും വഹിച്ചുകൊണ്ട് ഏരിയന്‍ 5 വിഎ-238 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഭ്രമണപഥത്തിലെത്തുന്നതോടെ ഹാസ്സനിലെ ഐഎസ്‌ആര്‍ഒ യൂണിറ്റ് ഉപഹ്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. 15 വര്‍ഷം ആയുസ്സ് കണക്കാക്കുന്ന ഉപഗ്രഹം പ്രധാനമായും ആശയവിനിമയ സേവനം മുന്‍നിര്‍ത്തിയുള്ളതാണ്. കാലാവസ്ഥാ വിവരങ്ങള്‍ ലഭിക്കുന്നതിനും ഇത് സഹായിക്കും. ജിസാറ്റ് 17 കൂടി ചേര്‍ക്കപ്പെടുന്നതോടെ ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഐഎസ്‌ആര്‍ഒയുടേതായി 17 ഉപഗ്രഹങ്ങളായി. ഈ മാസം ഐഎസ്‌ആര്‍ഒ വിക്ഷേപിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണ് ജിസാറ്റ് 17. മറ്റ് രണ്ട് ഉപഗ്രഹങ്ങളും ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപിച്ചത്. ഭാരമേറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനാണ് ഐഎസ്‌ആര്‍ഒ ഏരിയന്‍ 5 റോക്കറ്റിനെ ആശ്രയിക്കുന്നത്.
റോക്കറ്റില്‍ നിന്നും ഉപഗ്രഹത്തെ വിജയകരമായി വേര്‍പെടുത്താന്‍ കഴിഞ്ഞെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു.