ചരിത്ര കുതിപ്പിനൊരുങ്ങി ഐഎസ്ആര്‍ഒ

325

ശ്രീഹരിക്കോട്ട: ചരിത്ര വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആര്‍ഒ. ഒരു വിക്ഷേപണത്തില്‍ ഏറ്റവും കൂടുതല്‍ കൃത്രിമോപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാനുള്ള മഹാവിക്ഷേപണത്തിനാണ് ഇന്ന് രാജ്യം സാക്ഷിയാകുക. 104 കൃത്രിമോപഗ്രഹങ്ങളാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പൈസ് സെന്‍ററില്‍ നിന്നും ബുധനാഴ്ച രാവിലെ 9.28ന് വിക്ഷേപിക്കുക.
ഒരു വിക്ഷേപണത്തില്‍ 34 ഉപഗ്രഹങ്ങള്‍ എന്ന 2014 ല്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സി ഇട്ട റെക്കോഡാണ് ഐഎസ്ആര്‍ഒ തകര്‍ക്കാന്‍ ഒരുങ്ങുന്നത്. 2016 ല്‍ ഒരു വിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇന്ത്യ റെക്കോഡ് സൃഷ്ടിച്ചിരുന്നു. വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളില്‍ 3 എണ്ണം ഇന്ത്യയുടെയാണ്. കാര്‍ട്ടോസറ്റ് 2 പരമ്പരയില്‍ പെട്ടതാണ് ഈ മൂന്ന് ഉപഗ്രഹങ്ങള്‍.
ഇതിന് പുറമേ ഇസ്രയേല്‍, കസാഖിസ്ഥാന്‍, നെതര്‍ലാന്‍റ്സ്, സ്വിറ്റ്സ്ര്‍ലാന്‍റ്, യുഎസ്എ എന്നിങ്ങനെയുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഐഎസ്ആര്‍ഒ ബഹിരാകാശത്ത് എത്തിക്കും. വളരെകുറഞ്ഞ ചിലവില്‍ കൃത്രിമോപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കും എന്നതിനാല്‍ ഐഎസ്ആര്‍ഒയുടെ വിക്ഷേപങ്ങള്‍ക്ക് ലോക രാജ്യങ്ങള്‍ക്കിടയില്‍ പ്രിയം ഏറുന്നതിന്‍റെ തെളിവ് കൂടിയാണ് റെക്കോഡ് വിക്ഷേപണം സൂചിപ്പിക്കുന്നത്. 1999 മുതല്‍ ആണ് വിദേശ ഏജന്‍സികളുടെ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കാന്‍ ആരംഭിച്ചത്. ഇപ്പോള്‍ നടക്കുന്ന വിക്ഷേപത്തിന്‍റെ പകുതിയില്‍ ഏറെ ചിലവുകള്‍ വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിലൂടെ ലഭിക്കും എന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്.

NO COMMENTS

LEAVE A REPLY