മൊസൂളിലെ അല്‍മഷാദ ജില്ലയുടെ നിയന്ത്രണം ഐഎസ് ഭീകരരില്‍ നിന്ന് തിരിച്ചു പിടിച്ചെന്ന് ഇറാക്ക് സൈന്യം

290

ബാഗ്ദാദ്: മൊസൂളിലെ അല്‍മഷാദ ജില്ലയുടെ നിയന്ത്രണം ഐഎസ് ഭീകരരില്‍ നിന്ന് തിരിച്ചു പിടിച്ചെന്ന് ഇറാക്ക് സൈന്യം. ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിനൊടുവില്‍ നഗരത്തിന്‍റെ നിയന്ത്രണം തിരിച്ചുപിടിച്ചെന്നും കെട്ടിടങ്ങളുടെ മുകളില്‍ ഇറാക്കിന്‍റെ ദേശീയ പതാക നാട്ടിയെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. മൊസൂളില്‍ ഇനി 200ല്‍ താഴെ മാത്രം ഐഎസ് ഭീകരരെ ഉള്ളുവെന്നും ബാക്കിയുള്ളവരെ ഇവിടെ നിന്ന് തുരത്തി എന്നും സൈന്യം അറിയിച്ചു. 2016 ഒക്ടോബറിലാണ്, ഐഎസ് പിടിച്ചെടുത്ത മൊസൂള്‍ തിരിച്ചുപിടിക്കാന്‍ സൈന്യം നടപടികള്‍ ആരംഭിച്ചത്. നേരത്തെ, മൊസൂളിന്‍റെ നിയന്ത്രണം ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും തിരിച്ചു പിടിക്കാനാകുമെന്ന് ഇറാക്ക് പ്രധാനമന്ത്രി ഹൈദര്‍ അബാദി വ്യക്തമാക്കിയിരുന്നു. ഇറാക്കിലെ മറ്റൊരു നഗരമായ അല്‍ഫാറൂക്ക് സ്വതന്ത്രമാക്കിയെന്ന് തിങ്കളാഴ്ച സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അല്‍മഷാദ നഗരവും സൈന്യം തിരിച്ചുപിടിച്ചത്.

NO COMMENTS