ഐ.എസ്. ബന്ധമുള്ള സ്കൂള്‍ ; മൂന്ന് വ്യവസായ പ്രമുഖര്‍ക്കെതിരേ കേസ്

186

തിരുവനന്തപുരം: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്ന പീസ് ഇന്‍റര്‍നാഷണല്‍ സ്കൂളിന്‍റെ ഡയറക്ടര്‍മാരായ കേരളത്തിലെ മൂന്നു വ്യവസായ പ്രമുഖര്‍ക്കെതിരേ സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതിന്‍റെ പേരില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ഉടനെ ഇവരെ അറസ്റ്റ് ചെയ്തേക്കുമെന്നാണു സൂചന. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറും. വന്‍ രാഷ്ട്രീയസ്വാധീനമുള്ള കുടുംബങ്ങളിലെ അംഗങ്ങളുടെ പേരിലാണ് കേസെടുത്തത്. എറണാകുളം സി.ജെ.എം-1 കോടതിയില്‍ ഇവര്‍ക്കെതിരേ പ്രഥമവിവര റിപ്പോര്‍ട്ട് പോലീസ് ഇന്നലെ സമര്‍പ്പിച്ചു.
രാജ്യദ്രോഹക്കുറ്റവും ഇവര്‍ക്കെതിരേ ചുമത്തും. സംഭവത്തെക്കുറിച്ചു വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവല്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനു നിര്‍ദേശം നല്‍കി. എറണാകുളം ജില്ലയിലെ പീസ് ഇന്‍റര്‍നാഷണലിനു കീഴില്‍ സംസ്ഥാനത്തുള്ള 12 സ്കൂളുകളുടെ പ്രവര്‍ത്തനം കുറെക്കാലമായി കേന്ദ്ര-സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗത്തിലെ നിരീക്ഷണത്തിലായിരുന്നു. സ്കൂളിന്‍റെ സിലബസില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് എറണാകുളം ഐ.ജി: എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇക്കാര്യം വിദ്യാഭ്യാസവകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി.
സമുദായസ്പര്‍ധ വളര്‍ത്തുന്ന പാഠഭാഗം സിലബസിലുണ്ടെന്ന് എറണാകുളം വിദ്യാഭ്യാസ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ജാമ്യമില്ലാക്കുറ്റം ചുമത്തി പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചിയിലെ സ്കൂളിന്‍റെ ഡയറക്ടര്‍മാരാണ് കേസില്‍പ്പെട്ടിരിക്കുന്നത്. മതനിരപേക്ഷമല്ലാത്ത സിലബസാണ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്കൂള്‍ സിലബസ് ദേശവിരുദ്ധമാണെന്നും പോലീസ് അറിയിച്ചു.
ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിക്കന്‍ കേരളം വിട്ടവരിലേറെയും പീസ് ഇന്‍റര്‍നാഷണല്‍ സ്കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ്. ഇതേത്തുടര്‍ന്ന് ഈ സ്കൂള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുകയായിരുന്നു. വിവാദ മതപ്രബോധകന്‍ സക്കീര്‍ നായിക്കിന്‍റെ ഇസ്ലാമിക് റിസര്‍ച്ച്‌ സെന്‍ററുമായി പീസ് ഇന്‍റര്‍നാഷണലിന് ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് സംശയമുണ്ട്. ഐ.എസ്. ബന്ധമുള്ള മലയാളി മെറിന്‍ ജേക്കബ്, ഭര്‍ത്താവ് ബെസ്റ്റിന്‍ എന്നിവര്‍ കൊച്ചിയിലെ രണ്ട് സ്കൂളുകളിലും അധ്യാപകരായിരുന്നു. മെറിന്‍, മറിയമായും ബെസ്റ്റിന്‍, യഹിയ എന്ന പേരിലും മതപരിവര്‍ത്തനം നടത്തി ഐ.എസ്. പോരാളികളായി സിറിയയിലുണ്ടെന്നാണു റിപ്പോര്‍ട്ട്. കാസര്‍ഗോട്ടുള്ള ഇതേ സ്കൂളില്‍ ജോലി ചെയ്തിരുന്ന തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദ് ഐ.എസിന്‍റെ കേരള ഘടകം മേധാവിയാണ്. ഇയാള്‍ ഇപ്പോള്‍ എന്‍.ഐ.എ. കസ്റ്റഡിയിലാണ്. പീസ് ഇന്‍റര്‍നാഷണലിനു കേരളത്തിനു പുറമെ ലക്ഷദ്വീപിലും സൗദി അറേബ്യയിലെ ജിദ്ദയിലും സ്കൂളുകളുണ്ട്. എല്ലാ സ്കൂളുകളും പ്രത്യേക ട്രസ്റ്റിന്‍റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
സ്കൂളിന്‍റെ സാന്പത്തിക സ്രോതസിനെക്കുറിച്ച്‌ നേരത്തെതന്നെ പോലീസ് അന്വേഷണംനടത്തിയിരുന്നു. വന്‍തോതിലുള്ള വിദേശ സാന്പത്തിക സഹായം സ്കൂളിനു ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
courtesy : mangalam

NO COMMENTS

LEAVE A REPLY