കണ്ണൂരില്‍ പിടിയിലായത് ഐ.എസ്. കേരളാഘടകം മേധാവി

180

കോഴിക്കോട്:കണ്ണൂരിലെ പാനൂര്‍ മേക്കുന്ന് കനകമലയില്‍നിന്നു ദേശീയ അന്വേഷണസംഘം (എന്‍.ഐ.എ) പിടികൂടിയ കണ്ണൂര്‍ ചൊക്ലി അണിയാറത്ത് മദീന മഹലില്‍ മന്‍സീദ് (30) ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) കേരളഘടകത്തിന്‍റെ ഓപ്പറേഷന്‍സ് മേധാവി. ഉമ്മര്‍ അല്‍ ഹിന്ദി, മുത്തുക്ക, ഹദ്ദൂദ് എന്നീ പേരുകളിലറിയപ്പെടുന്ന ഇയാളാണു കേരളത്തില്‍ ഐ.എസ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും തീവ്രവാദ ആശയങ്ങള്‍ പരസ്പരം പങ്കുവയ്ക്കാന്‍ സാമൂഹികമാധ്യമമായ ടെലിഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയതും. തീവ്രസ്വഭാവമുള്ള ഒരു മുസ്ലിം സംഘടനയുമായി ഉറ്റബന്ധമുള്ള യുവാക്കളെ സംഘടിപ്പിച്ചാണു മന്‍സീദ് കേരളത്തില്‍ ഐ.എസ്. ഘടകമായ അന്‍സാര്‍ ഉള്‍ ഖിലാഫ രൂപീകരിച്ചത്.
തുടക്കത്തില്‍ 20 പേരുള്ള ദൗത്യസംഘമായിരുന്നു. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാന്‍ അംഗസംഖ്യ പിന്നീടു പതിനാറായി ചുരുക്കി. ടെലിഗ്രാമിലായിരുന്നു ആശയവിനിമയം. ഫേസ്ബുക്കിലും വ്യാജവിലാസത്തില്‍ മന്‍സീദ് അക്കൗണ്ട് തുടങ്ങി. രാജ്യവിരുദ്ധപ്രചാരണങ്ങള്‍ക്ക് ഇവര്‍ ആശ്രയിച്ചതു സാമൂഹികമാധ്യമങ്ങളെയായിരുന്നെന്നു കേന്ദ്ര രഹസ്യാന്വേഷണവിഭാഗം കണ്ടെത്തി. സംസ്ഥാനത്തെ രണ്ടു ജഡ്ജിമാര്‍, എറണാകുളം റൂറല്‍ എസ്.പി: ഉണ്ണിരാജ, ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രന്‍ എന്നിവരെ വകവരുത്താന്‍ പദ്ധതി ആസൂത്രണം ചെയ്തതും മന്‍സീദാണ്. ഇയാള്‍ തുടങ്ങിയ ടെലിഗ്രാം ഗ്രൂപ്പില്‍ ഇവരെ അപായപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടന്നതായി കണ്ടെത്തി.
കന്പ്യൂട്ടര്‍ വിദഗ്ധരും വിദ്യാസന്പന്നരുമായ യുവാക്കളെ ഐ.എസില്‍ ചേര്‍ക്കാനാണ് ഇവര്‍ ശ്രമിച്ചിരുന്നത്. മലയാളത്തില്‍ ഐ.എസ്. ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ബ്ലോഗ് തുടങ്ങിയതും മസൂദിന്‍റെ നേതൃത്വത്തിലാണെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സംശയിക്കുന്നു. വിദേശരാജ്യങ്ങളില്‍നിന്ന് ഇവര്‍ക്കു വന്‍തോതില്‍ പണമെത്തിയിരുന്നതായാണു സൂചന. ഇതേക്കുറിച്ച്‌ ഇന്‍റലിജന്‍സ് അന്വേഷണമാരംഭിച്ചു. ആന്ധ്രയില്‍ പിടിയിലായ ഐ.എസ്. ഭീകരരുമായി മന്‍സീദ് ബന്ധം പുലര്‍ത്തിയിരുന്നതായും കണ്ടെത്തി. കാസര്‍ഗോഡ് പടന്ന സ്വദേശികളായ 16 പേരെ ഐ.എസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്ന കേസില്‍ മുംബൈ പോലീസ് അറസ്റ്റ് ചെയ്ത വയനാട് കന്പളക്കാട്ട് ഒന്നാം മൈലില്‍ ഹനീഫയുമായും ഇയാള്‍ക്ക് അടുപ്പമുള്ളതായി തെളിഞ്ഞു.
സൗദി അറേബ്യയില്‍ ജോലി ചെയ്ുന്ന മന്‍സീദ് ചയോക്ലിയിലെ വീട്ടില്‍ വല്ലപ്പോഴുമേ വരാറുള്ളൂ. വിവിധ ഭാഷകളില്‍ തീവ്രമതപ്രഭാഷണം നടത്തുന്നവരുമായി ഇയാള്‍ ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. ഫിലിപ്പീന്‍സ് യുവതിയെ മതംമാറ്റി വിവാഹം കഴിച്ച ഇയാള്‍ സൗദിയില്‍ മതം മാറ്റുന്ന ജോലിയാണു തനിക്കെന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചതായും പറയപ്പെടുന്നു. മന്‍സീദുമായി അടുപ്പമുള്ളവരെ കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.