ഐ എസ് എല്‍ ; കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം

384

കൊച്ചി : കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ ജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചു. മലയാളി താരം സി കെ വിനീതിന്റെ ഹെഡറാണ് കളി കേരളത്തിന്റെ വരുതിയിലാക്കിയത്. വെസ് ബ്രൗണിന്റെ ഐ എസ് എല്‍ അരങ്ങേറ്റം കണ്ട മത്സരത്തില്‍ മെച്ചപ്പെട്ട പ്രകടനത്തോടെയാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. ഡിഫന്‍സീവ് മിഡില്‍ ആണ് ബ്രൗണ്‍ ഇറങ്ങിയത്. ബ്രൗണിന്റെ മിഡ്ഫീല്‍ഡിലേക്കുള്ള വരവ് ബ്ലാസ്റ്റേഴ്സിന് കളി നിയന്ത്രിക്കുന്നത് എളുപ്പമാക്കി. 24ആം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വീണത്. വലതു വിങ്ങില്‍ നിന്ന് റിനോ ആന്റോ കൊടുത്ത തകര്‍പ്പന്‍ ക്രോസ് ഉയര്‍ന്നു ചാടി വിനീത് വലയില്‍ എത്തിക്കുക ആയിരുന്നു. 42ആം മിനുട്ടില്‍ ബ്ലാസ്റ്റേഴ്സ് ഫോര്‍വേഡ് സിഫെനിയോസിനെ ഫൗള്‍ ചെയ്തതിന് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പറും മലയാളിയുമായി രഹ്നേഷിന് ചുവപ്പു കാര്‍ഡ് കിട്ടി. അതോടെ നോര്‍ത്ത് ഈസ്റ്റിന്റെ തിരിച്ചുവരാനുള്ള വഴിയും അടയുക ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോളിനടുത്ത് എത്തിയെങ്കിലും പോസ്റ്റ് ബ്ലാസ്റ്റേഴ്സിന് വിനയായി. ജയത്തോടെ അഞ്ചു മത്സരങ്ങളില്‍ ആറു പോയന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്ക് മുന്നേറി. 22ആം തീയതി ചെന്നൈയിനെതിരെ ആണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

NO COMMENTS