ഐ പി എൽ : പഞ്ചാബിനെ തോല്‍പ്പിച്ച്‌ പൂനെ സൂപ്പര്‍ജയിന്റ് പ്ലേഓഫില്‍

245

പൂനെ : കിങ്‌സ് ഇലവൻ പഞ്ചാബിനെ ഒൻപതു വിക്കറ്റിന് തോൽപ്പിച്ച് റൈസിങ് പൂനെ സൂപ്പർജയിന്റ് ഐപിഎൽ പത്താം സീസണിലെ പ്ലേ ഓഫിൽ പ്രവേശിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 15.5 ഓവറിൽ 73 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പുണെ 12 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു. മൽസരത്തിൽ ജയിക്കുന്നവർ പ്ലേ ഓഫിലേക്ക് കയറുമെന്നതിനാൽ കാണികൾ വളരെ ആവേശത്തോടെയാണ് മൽസരം കാണാനെത്തിയത്. എന്നാൽ, മൽസരത്തിലെ ആദ്യ പന്തിൽ തന്നെ മാർട്ടിന് ഗപ്റ്റിലിനെ വീഴ്‌ത്തി ഉനാദ്കട് പഞ്ചാബിനെ ഞെട്ടിച്ചു. പിന്നീട്, ഒരിക്കൽപ്പോലും പഞ്ചാബിന് മേൽക്കൈ നേടാൻ സാധിച്ചില്ല. 22 റൺസെടുത്ത അക്‌സർ പട്ടേലാണ് ടോപ് സ്‌കോറർ. ബൗളർമാരും ഫീൽഡർമാരും മികച്ചു നിന്നപ്പോൾ മൽസരം പുണെയ്ക്ക് അനുകൂലമായി. ഷാർദുൽ താക്കൂർ മൂന്നു വിക്കറ്റും ഉനാദ്കട്, സാംപ, ക്രിസ്ത്യൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്‌ത്തി. ചെറിയ സ്‌കോർ പിന്തുടരാൻ എത്തിയ പുണെയ്ക്ക് ത്രിപാതിയുടെ (28) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. അജങ്ക്യ രഹാനെ (34), സ്റ്റീവൻ സ്മിത്ത് (15) എന്നിവർ പുറത്താകാതെ നിന്നു. അക്‌സർ പട്ടേലാണ് ത്രിപാതിയെ പുറത്താക്കിയത്. ജയത്തോടെ 14 മൽസരങ്ങളിൽ 18 പോയിന്റുമായി പുണെ രണ്ടാമതെത്തി. 20 പോയിന്റുള്ള മുംബൈ ആണ് പോയന്റ് പട്ടികയിൽ ഒന്നാമത്. മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നീ ടീമുകൾ നേരത്തേ പ്ലേഓഫിലെത്തിയിരുന്നു. ശനിയാഴ്ച കാൺപുരിൽ ഗുജറാത്തിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ചാണ് ഹൈദരാബാദ് പ്ലേ ഓഫിലെത്തിയത്. രണ്ടാമത്തെ മത്സരത്തിൽ മുബൈയോട് ഒമ്പതു റൺസിന് തോറ്റെങ്കിലും കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്ലേ ഓഫിലെത്തി.

NO COMMENTS

LEAVE A REPLY