ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം; എതിര്‍ത്തവര്‍ക്ക് താക്കീതുമായി അമേരിക്ക

211

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ആണവ വിതരണ ഗ്രൂപ്പ് അംഗത്വം ലഭിക്കുന്നതില്‍ തടസ്സംനിന്ന രാജ്യം അതിന് സമാധാനം പറയേണ്ടിവരുമെന്ന് അമേരിക്ക. ചൈന അടക്കമുള്ള രാജ്യങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം നഷ്ടപ്പെട്ടതിനു ശേഷം ആദ്യമായാണ് അമേരിക്ക ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.
ഇന്ത്യയ്ക്ക് ഗ്രൂപ്പില്‍ അംഗത്വം നല്‍കാന്‍ സാധിക്കാതെ പോയതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് അമേരിക്കന്‍ രാഷ്ട്രീയകാര്യ വക്താവ് ടോം ഷാനന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം ഉറപ്പുവരുത്തുന്നതില്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നിരവധി രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇത്തരമൊരു സംഘടനയില്‍ ഒരു രാജ്യത്തിന് തങ്ങളുടെ വിസമ്മതം രേഖപ്പെടുത്താനുള്ള അവകാശമുണ്ട്. എന്നാല്‍ അതിന്റെ ഉത്തരവാദിത്വം ആ രാജ്യത്തിനുതന്നെ ആയിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വിഷയത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ നയതന്ത്ര തലത്തില്‍ വിശദമായ ചര്‍ച്ച ആവശ്യമുണ്ടെന്നും തുടര്‍ന്നുളള നടപടികളെക്കുറിച്ച്‌ ആലോചന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.